
വട്ടവട: കനത്തമഴയിലെ മലവെള്ളപ്പാച്ചിലില് റോഡ് തകര്ന്നതിനെ തുടര്ന്ന് വട്ടവട കൊട്ടക്കമ്പൂരില് ഗ്രാമം ഒറ്റപ്പെട്ടു. 40 കുടുംബങ്ങള് വരുന്ന തട്ടാമ്പാറ ഗ്രാമത്തിലേക്കാണ് ഗതാഗത സൗകര്യത്തിന് മാര്ഗ്ഗമില്ലാതായത്. അനേകം റിസോര്ട്ടുകളും സ്ഥിതി ചെയ്യുന്ന ഇവിടേക്കുള്ള റോഡ് ഒലിച്ചു പോയിരിക്കുകയാണ്. അനേകം നാട്ടുകാര്ക്കൊപ്പം 20 ല് അധികം റിസോര്ട്ടുകളിലായി അനേകം വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്.
ഏകദേശം നൂറോളം പേരെങ്കിലും വരുമെന്നാണ് കരുതുന്നത്. മലവെള്ളപ്പാച്ചില് വന്ന് റോഡ് ഒലിച്ചുപോയ സാഹചര്യത്തില് അക്കരെയിക്കരെ കടക്കാന് റോഡ് നിര്മ്മിക്കേണ്ടിവരും. റിസോര്ട്ടിലേക്ക് പോയ വാഹനങ്ങളും തിരികെ പോകാന് കഴിയാത്ത അവസ്ഥയിലാണ്.
ഞായറാഴ്ച ഉച്ചയോടെ മൂന്നാര് വട്ടവട മേഖലയില് ശക്തമായ മഴയാണ് പെയ്തത്. വരുംദിവസങ്ങളില് അതിശക്തമായ മഴയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. പ്രദേശത്തേക്ക് കടന്നുവരാനുള്ള ഏകറോഡാണ് തകര്ന്നുപോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വട്ടവട, പാമ്പാടുംചോല, കൊട്ടാക്കമ്പൂര് ഉള്പ്പെടെയുള്ള അതിര്ത്തി മേഖലകളില് ശക്തമായ മഴ തുടരുകയാണ്.
മണ്ണില് ഈര്പ്പം വര്ധിച്ചതോടെ മണ്ണിടിച്ചിലിനും മറ്റ് മഴക്കെടുതികള്ക്കും സാധ്യത കൂടുതലാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില് മലയോര മേഖലകളില് അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ വിഭാഗവും നിര്ദേശിച്ചു. രാത്രികാലങ്ങളില് മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും നിര്ദേശമുണ്ട്. മലഞ്ചരിവുകള്ക്കും പുഴയോരങ്ങള്ക്കും സമീപം അപകടസാധ്യതയുള്ള സ്ഥലങ്ങളില് താമസിക്കുന്നവര് സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്നും അധികൃതര് മുന്നറിയിപ്പ് നല്കി.







Comments