
' ആശ' സിനിമയുടെ പ്രമോഷന് ചടങ്ങിനിടെ ഇംഗ്ലീഷ് സംസാരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില് നടി ഉര്വശി നല്കിയ വിശദീകരണം തന്നെ വേദനിപ്പിച്ചെന്ന് അവതാരക ദക്ഷ രവീന്ദ്രനാഥ്. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങള് തന്റെ കരിയറിനെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള് പ്രതികരണവുമായി രംഗത്തെത്തുന്നതെന്നും ദക്ഷ പറഞ്ഞു.
പരിപാടിക്കിടെ സദസിലുണ്ടായിരുന്ന ഒരു അമ്മ മലയാളത്തില് സംസാരിക്കാന് ആംഗ്യം കാണിച്ചതിനെ തുടര്ന്നാണ് താന് ദക്ഷയോട് അങ്ങനെ പറഞ്ഞതെന്നായിരുന്നു ഉര്വശിയുടെ ഒരു അഭിമുഖത്തിലെ വിശദീകരണം. എന്നാല് ഇത്തരമൊരു പ്രതികരണം സദസില് നിന്ന് ഉണ്ടായതായി തനിക്ക് തോന്നിയിട്ടില്ലെന്നും പരിപാടിയുടെ പൂര്ണദൃശ്യങ്ങള് പരിശോധിച്ചപ്പോഴും അത്തരമൊരു രംഗം ശ്രദ്ധയില്പ്പെട്ടില്ലെന്നും ദക്ഷ പറഞ്ഞു. അങ്ങനെയൊരു ആവശ്യം ഉണ്ടായിരുന്നെങ്കില് തന്നെ അടുത്തേക്ക് വിളിച്ച് മലയാളത്തില് സംസാരിക്കാന് ആവശ്യപ്പെട്ടാല് മതിയായിരുന്നുവെന്നും ദക്ഷ കൂട്ടിച്ചേര്ത്തു.
'ആശ' അഞ്ച് ഭാഷകളിലായി പാന് ഇന്ത്യന് റിലീസിന് ഒരുങ്ങുന്ന ചിത്രമാണെന്നും പരിപാടി നടന്ന ലുലു മാളില് കേരളത്തിന് പുറത്തുനിന്നുള്ളവരും എത്താറുണ്ടെന്നും ദക്ഷ വിശദീകരിച്ചു. സംഘാടകര് തന്നോട് ഇംഗ്ലിഷിലും മലയാളത്തിലും സംസാരിച്ച് പരിപാടി അവതരിപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും അതനുസരിച്ചാണ് താന് പരിപാടി നയിച്ചതെന്നും അവര് പറഞ്ഞു.
അഞ്ച് വര്ഷമായി ആങ്കറിങ് രംഗത്ത് പ്രവര്ത്തിക്കുന്ന താന് ആയിരത്തിലധികം പരിപാടികള് അവതരിപ്പിച്ചിട്ടുണ്ടെന്നും വേദിയില് വ്യക്തിപരമായ വികാരങ്ങള്ക്ക് പ്രാധാന്യം നല്കാതെ പരിപാടി വിജയകരമായി പൂര്ത്തിയാക്കുക എന്നതാണ് ഒരു അവതാരകയുടെ ഉത്തരവാദിത്തമെന്നുമാണ് ദക്ഷയുടെ നിലപാട്. അതുകൊണ്ടാണ് അന്ന് വേദിയില് വച്ച് പ്രതികരിക്കാതിരുന്നതെന്നും അവര് വ്യക്തമാക്കി.







Comments