
ന്യൂഡല്ഹി: ഡല്ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില് നേരിട്ട എന്എസ് യു ഐ യുടെ പരാജയം കോണ്ഗ്രസിലും വലിയ ചര്ച്ചയാകുന്നു. പരാജയത്തില് സമഗ്ര റിപ്പോര്ട്ട് സമര്പ്പിക്കാന് എഐസിസി ജനറല് സെക്രട്ടറി കെ. സി. വേണുഗോപാലിന് നിര്ദേശം നല്കിയിരിക്കുകയാണ്. നേതൃത്വമില്ലായ്മയും തെരഞ്ഞെടുപ്പ്തന്ത്രങ്ങളിലെ പാളിച്ചകളുമെല്ലാം തോല്വിക്ക് കാരണമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്.
ഇന്ഡോറില് രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് 'ഛാത്രോം കി ഗൂഞ്ച്' പരിപാടി നടന്ന അതേ ദിവസമാണ് ഡല്ഹി സര്വകലാശാല യില് തെരഞ്ഞെടുപ്പ് ഫലം വന്നതും. ഇത് പാര്ട്ടിയ്ക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറി. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്ന്ന് വിമതനായി മത്സരിച്ച് ദീപാന്ഷു ഷൗക്കീന് വൈസ് പ്രസിഡന്റ് പദവി നേടിയത് ആഘാതം കൂട്ടുകയും ചെയ്തു. എന്എസ്യുഐ സ്ഥാനാര്ത്ഥി വിജയ് മീണ 2,053 വോട്ടുകള്ക്കാണ് പ്രസിഡന്റ് സ്ഥാനത്ത് പരാജയപ്പെട്ടത്.
ഇന്ഡോറില് ദേശീയ യുവജനസംഗമം നടക്കുന്ന ദിവസം തന്നെ തലസ്ഥാനത്തെ പ്രധാന കാമ്പസില് ഉണ്ടായ തിരിച്ചടി ദേശീയരാഷ്ട്രീയത്തിലും വലിയ ചര്ച്ചയായിട്ടുണ്ട്. പരാജയത്തില് രാഹുല്ഗാന്ധി നേരിട്ട് അതൃപ്തി രേഖപ്പെടുത്തുകയും, ചെയ്തു. എന്എസ്യുഐയുടെ ദയനീയ പ്രകടനം പാര്ട്ടിക്ക് ഉള്ളില് വലിയ ചര്ച്ചകള്ക്കാണ് വഴിവെച്ചിരിക്കുന്നത്. ജെന്-ഇസഡ് വോട്ടര്മാര്ക്കിടയില് രാഹുല് ഗാന്ധിക്കുള്ള സ്വീകാര്യതയെ താഴെത്തട്ടില് വോട്ടാക്കി മാറ്റുന്നതില് സംഘടന പരാജയപ്പെട്ടു എന്ന ആക്ഷേപം ഇതിലൂടെ വീണ്ടും ശക്തമായി.
പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള് എബിവിപി നേടി. എബിവിപിയുടെ യഷ് ദബാസ് പ്രസിഡന്റായും, റിയ ഛൗഡിയ സെക്രട്ടറിയായും ലക്ഷ്യ രാജ്സിംഗ് ജോയിന്റ് സെക്രട്ടറിയായും വിജയം കണ്ടു. തെരഞ്ഞെടുപ്പില് വ്യാപകമായ ക്രമക്കേടുകള് നടന്നുവെന്നാണ് എന്എസ്യുഐയുടെ ആരോപണം. വിവിധ കോളേജുകളില് കള്ളവോട്ട് നടന്നതായും, വിദ്യാര്ത്ഥികളുടെ തിരിച്ചറിയല് കാര്ഡുകള് പിടിച്ചുവെച്ച് എബിവിപിക്ക് വോട്ട് ചെയ്യാന് നിര്ബന്ധിച്ചതായും വിജയ് മീണ ആരോപിച്ചു. ഈ വിഷയത്തില് നിയമനടപടികള് സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.







Comments