
മൂന്നാര്: ഞായറാഴ്ച ഉച്ചയോടെ മൂന്നാര് വട്ടവട മേഖലയില് ഉണ്ടായ അപകടത്തില് അപ്രതീക്ഷിതമായി ഷെഡ്ഡിന് മുകളിലെ മലഞ്ചരിവ് ഇടിഞ്ഞുവീഴുകയായിരുന്നു. വലിയ ശബ്ദത്തോടെ മണ്ണും പാറക്കഷണങ്ങളും ചെളിയും ഷെഡിന് മുകളിലേക്ക് പതിച്ചതോടെ മഴയില് അവിടെ അഭയം തേടിയ ചിന്നുവും ബാലചന്ദ്രനും മരിയമ്മയും മണ്ണിനടിയില് കുടുങ്ങുകയായിരുന്നു.
കൃഷിയിടത്തില് ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മണ്ണിടിച്ചിലില് രണ്ട് പേരുടെ ജീവന് നഷ്ടമായതിന്റെ ഞെട്ടലിലാണ് കൊട്ടാക്കമ്പൂര്. മഴ ശമിക്കുന്നതുവരെ അവിടെ കഴിയാമെന്നാണു കരുതിയത്. എന്നാല് ഷെഡ് പൂര്ണമായും തകര്ന്നതോടെ മൂന്നുപേരും നിമിഷങ്ങള്ക്കകം മണ്ണിനടിയില്പ്പെട്ടു. അപകടസമയത്ത് കൊട്ടാക്കമ്പൂരിലെ കൃഷിയിടത്തില് ജോലിചെയ്യുകയായിരുന്ന ചിന്നുവും ബാലചന്ദ്രനും മരിയമ്മയും മഴ ശക്തമായതോടെ സമീപത്തെ ചെറിയ കാര്ഷിക ഷെഡ്ഡിലേക്ക് മാറുകയായിരുന്നു.
വലിയ ശബ്ദം കേട്ട് നാട്ടുകാര് സ്ഥലത്തെത്തിയപ്പോഴാണ് ഷെഡ് പൂര്ണമായും മണ്ണിനടിയിലായതായി മനസിലായത്. തുടര്ന്ന് നാട്ടുകാര് ഉടന് രക്ഷാപ്രവര്ത്തനം ആരംഭിച്ചു. തുടര്ച്ചയായ മഴയും ദുര്ഘടമായ ഭൂപ്രകൃതിയും കാരണം രക്ഷാപ്രവര്ത്തനത്തിനായി യന്ത്രങ്ങള് എത്തിക്കുന്നതിന് തുടക്കത്തില് ബുദ്ധിമുട്ടുണ്ടായി. തുടര്ന്ന് നാട്ടുകാര് കൈകൊണ്ടും മരക്കമ്പുകള് ഉപയോഗിച്ചും മണ്ണ് നീക്കി രക്ഷാപ്രവര്ത്തനം നടത്തി. ഏറെ ശ്രമത്തിനൊടുവില് മൂന്നുപേരെയും മണ്ണിനടിയില്നിന്ന് പുറത്തെടുത്തു. എന്നാല് അപ്പോഴേക്കും ചിന്നമ്മയും ബാലചന്ദ്രനും മരിച്ചിരുന്നു. പരുക്കേറ്റ മരിയമ്മയ്ക്ക് നാട്ടുകാരുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നല്കിയശേഷം ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് പോലീസും റവന്യൂ അധികൃതരും ഫയര്ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ശക്തമാക്കി. അപകടസമയത്ത് സമീപപ്രദേശത്ത് മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നും അധികൃതര് പരിശോധിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വട്ടവട, പാമ്പാടുംചോല, കൊട്ടാക്കമ്പൂര് ഉള്പ്പെടെയുള്ള അതിര്ത്തി മേഖലകളില് ശക്തമായ മഴ തുടരുകയാണ്. മണ്ണില് ഈര്പ്പം വര്ധിച്ചതോടെ മണ്ണിടിച്ചിലിനും മറ്റ് മഴക്കെടുതികള്ക്കും സാധ്യത കൂടുതലാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില് മലയോര മേഖലകളില് അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ വിഭാഗവും നിര്ദേശിച്ചു. രാത്രികാലങ്ങളില് മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും നിര്ദേശമുണ്ട്. മലഞ്ചരിവുകള്ക്കും പുഴയോരങ്ങള്ക്കും സമീപം അപകടസാധ്യതയുള്ള സ്ഥലങ്ങളില് താമസിക്കുന്നവര് സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്നും അധികൃതര് മുന്നറിയിപ്പ് നല്കി.







Comments