
തമിഴകത്തിന്റെ പ്രിയനായകന് അജിത്തിന്റെ സിനിമകള് തിയേറ്ററുകളിലെത്തുന്നത് തന്നെ ആരാധകര്ക്ക് വലിയ ആവേശമാണ്. തന്റെ സിനിമകളിലൂടെ നിരവധി തവണ ആരാധകരെക്കൊണ്ട് കൈയടിപ്പിക്കുകയും ആർപ്പുവിളിപ്പിക്കുകയും ചെയ്തിട്ടുണ്ട് താരം. വെള്ളിത്തിരയില് തിളങ്ങി നില്ക്കുന്നതിനിടെ റേസിംഗ് കാറിന്റെ സ്റ്റിയറിങ്ങിന് പിന്നിലിരുന്നും അജിത് ആരാധകരെ ആവേശത്തിമിർപ്പിലാക്കിയിട്ടുണ്ട്.
അഭിനയം പോലെ തന്നെ യാത്രകളോടും കാറുകളോടും റേസിങ്ങിനോടുമുള്ള താരത്തിന്റെ ഇഷ്ടം എല്ലാവര്ക്കും സുപരിചിതമാണ്. സ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ച താരമിപ്പോള് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മുഴുവൻ റേസിംഗിലാണ്. അജിത്തിന്റെ റേസിംഗ് ജീവിതത്തെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കിയ, താരത്തിന്റെ മോട്ടോർസ്പോർട്സ് രംഗത്തെ അസാധാരണ യാത്ര പ്രമേയമാക്കുന്ന ഡോക്യുമെന്ററിയാണ് ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പേഴ്സ്യൂട്ട് ഓഫ് ചാലഞ്ചസ്’. ‘തലൈവി’ സംവിധായകൻ എ. എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജിത്തിന്റെയും ഭാര്യ ശാലിനിയുടെയും ഉടമസ്ഥതയിലുള്ള ബ്രേവ് ഹാർട്സ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ ഡോക്യുമെന്ററിയുടെ ട്രെയിലർ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ശാലിനിയും മക്കളായ അനുഷ്കയും ആദ്വിക്കും ആദ്യമായി കാമറക്ക് മുന്നിൽ അജിത്തിനെ കുറിച്ച് മനസ് തുറക്കുന്നു എന്നതാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.
ഇപ്പോഴിതാ അജിത്തിനെക്കുറിച്ച് ശാലിനിയും മക്കളും പറയുന്ന കാര്യങ്ങളാണ് സോഷ്യല് മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്. അജിത്തിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ചും പരാജയങ്ങളെ അദ്ദേഹം നേരിടുന്ന രീതിയെക്കുറിച്ചും ശാലിനി ഡോക്യുമെന്ററിയിൽ പറയുന്നു. അഭിനയരംഗത്തുനിന്ന് വിട്ടുനിന്നു ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഈ ഡോക്യുമെന്ററിയിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നു എന്നതും ട്രെയിലറിന്റെ പ്രത്യേകതയാണ്.
‘‘എല്ലാവർക്കും അദ്ദേഹത്തെ ഒരു നടനായി അറിയാം. പക്ഷെ അടുത്തറിയുന്നവർക്ക് മാത്രമേ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും നിരന്തരം പിന്തുടരുന്ന ഒരു മനുഷ്യനായി അദ്ദേഹത്തെ അറിയൂ. സ്വന്തം സ്വപ്നങ്ങള്ക്കും താല്പര്യങ്ങള്ക്കും പിന്നാലെ വിട്ടുവീഴ്ചയില്ലാതെ പോകുന്ന വ്യക്തിയാണ് അദ്ദേഹം. വിജയം ഒറ്റരാത്രികൊണ്ട് വരുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അതുപോലെ, പരാജയത്തെ അദ്ദേഹം ഭയപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ട്രോഫിക്ക് വേണ്ടിയല്ല, ഒന്നും അസാധ്യമല്ലെന്ന് തോന്നുന്ന ആ കുറച്ച് നിമിഷങ്ങൾക്ക് വേണ്ടിയാണ് അജിത് എൻഡുറൻസ് റേസിംഗിലേക്ക് തിരിച്ചെത്തിയത്. ട്രാക്കിൽ ഭർത്താവ് ഉള്ളപ്പോഴെല്ലാം തനിക്ക് പരിഭ്രാന്തി തോന്നാറുണ്ടെന്നും എന്നാൽ സ്വപ്നങ്ങൾ ഇത്രയധികം ആവേശത്തോടെ ജീവിക്കുന്നത് കാണുമ്പോൾ പിന്തുണക്കാൻ തന്നെ തോന്നും...’’ ട്രെയിലറില് ശാലിനി പറഞ്ഞു.
ശാലിനിയുടെയും മക്കളായ അനൗഷ്കയുടെയും ആദ്വിക്കിന്റെയും അഭിമുഖങ്ങളും ഈ ഡോക്യുമെന്ററിയുടെ പ്രത്യേകതയാണ്.
അച്ഛന്റെ റേസിങ് കാറില് ആദ്യമായി കയറിയ അനുഭവം അജിത്തിന്റെ 11 വയസ്സുകാരനായ മകൻ ആദ്വിക് പങ്കുവയ്ക്കുന്നുണ്ട്. ‘‘ആദ്യമായി അച്ഛന്റെ ഒപ്പം കാറിൽ ഇരിക്കാൻ അവസരം കിട്ടിയത് ഓർക്കുന്നു. അദ്ദേഹം അതിനുള്ളിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടു...’’ എന്നാണ് ആദ്വിക് പറയുന്നത്.
‘‘അച്ഛന്റെ റേസിങ്ങും അഭിനയവും എന്നതിനേക്കാൾ, അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണ്, എന്നെ വളർത്തിയ മൂല്യങ്ങൾ എന്നതിനെയാണ് ഞാൻ കൂടുതൽ ആരാധിക്കുന്നത്...’’ എന്നാണ് 18 വയസ്സുകാരിയായ മകള് അനൗഷ്ക പറയുന്നത്.
ട്രെയിലറില് അജിത്ത് നേരിട്ട് ക്യാമറയോട് സംസാരിക്കുന്ന ഭാഗം വളരെ കുറവാണ്. ‘എനിക്ക് ഈ സ്പോർട്ട് ഇഷ്ടമാണ്. അതിനോട് വലിയ അഭിനിവേശമുണ്ട്...’ എന്നാണ് ഒരു ഭാഗത്തില് അജിത്ത് പറയുന്നത്.
ലോക്കർ റൂമില് തനിച്ചിരിക്കുന്ന അജിത്തിനെയും റേസിങ് ട്രാക്കില് മത്സരിക്കുന്നതിനെയും ഉള്പ്പെടെയുള്ള ദൃശ്യങ്ങളാണ് ട്രെയിലറില് കൂടുതലായും കാണുന്നത്. എൻഡ്യൂറൻസ് റേസിങ്ങിനോടുള്ള അജിത്തിന്റെ അഭിനിവേശവും റേസിങ് ട്രാക്കിന് പിന്നിലെ താരത്തിന്റെ ജീവിതവുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം.
എൻഡ്യൂറൻസ് റേസിങ്ങിന്റെ കടുത്ത മത്സരസ്വഭാവവും അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര ട്രെയിലറില് വിശദീകരിക്കുന്നുണ്ട്. ‘‘മൂന്ന് പേർ മാത്രം മത്സരിക്കുന്ന റേസില് മൂന്നാം സ്ഥാനത്തെത്തുന്നതുപോലെയല്ല ഇത്. 54 കാറുകള് വരെ ഒരേ ട്രാക്കില് മത്സരിക്കുന്ന സാഹചര്യത്തിലും അജിത്ത് വിജയിക്കുന്നുണ്ട്....’’
അജിത്തിന്റെ പരിശീലകരുടെയും സഹ റേസർമാരുടെയും വാക്കുകളും ട്രെയിലറിലുണ്ട്. റേസിങ്ങിനോടുള്ള താരത്തിന്റെ ആത്മസമർപ്പണത്തെ ഇവരെല്ലാം പ്രശംസിക്കുന്നുണ്ട്. എൻഡ്യൂറൻസ് റേസിങ് എത്രത്തോളം കഠിനമായ മത്സരമാണെന്നും അവർ വ്യക്തമാക്കുന്നു.
2000കളുടെ തുടക്കത്തിലാണ് അജിത്ത് പ്രൊഫഷണല് റേസിങ്ങിലേക്ക് എത്തുന്നത്. ഏകദേശം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025ലാണ് താരം വീണ്ടും പ്രൊഫഷണല് റേസിങ്ങില് സജീവമായത്. നിലവില് 2026 മിഷലിൻ ലെ മാൻസ് കപ്പില് മത്സരിക്കുന്ന അജിത്തിന്റെ ഈ സീസണ് ഒക്ടോബർ 10ന് പോർച്ചുഗലിലെ പോർട്ടിമാവോയില് അവസാനിക്കും.
ശാലിനി നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ലെ മാൻസ് കപ്പിലെ അജിത്തിന്റെ മത്സരങ്ങള് പൂർത്തിയായതിന് ശേഷം നവംബറില് ആരംഭിക്കും. 2027ലെ വേനല്ക്കാലത്ത് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.
അതേസമയം, കഴിഞ്ഞ വർഷമാണ് അജിത്തിന്റെ സിനിമ തിയേറ്ററിൽ എത്തിയത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രമെത്തി. വലിയ വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു ഇത്. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്. സിനിമയില് അജിത്തിന്റേതായി ഒടുവില് പുറത്തിറങ്ങിയത് 2025ല് അധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’യാണ്. ആദിക്ക് രവിചന്ദ്രനൊപ്പം വീണ്ടും ഒന്നിക്കുന്ന ‘ഡെയർഡെവിള്’ ആണ് അജിത്തിന്റെ അടുത്ത ചിത്രം.







Comments