
ഒരു സിനിമാ പാരമ്പര്യവുമില്ലാതെ വന്ന് ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ അഭിനേത്രിയാണ് കൃതി സനോൺ. ഹീറോപന്തി എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനില് അരങ്ങേറ്റം കുറിച്ച താരം പിന്നീട് ദിൽവാലെ, ബറേലി കി ബർഫി, ലൂക്ക ചുപ്പി, ഹൗസ്ഫുൾ 4 തുടങ്ങിയ ഹിറ്റുകളിലൂടെ ബോളിവുഡിലെ തിരക്കേറിയ താരമായി. മിമിയിലെ അഭിനയത്തിന് 2022ൽ ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും താരം നേടി.
ഇപ്പോഴിതാ വർഷങ്ങളായി പഠിക്കാൻ ആഗ്രഹിച്ചിരുന്ന മൺപാത്ര നിർമ്മാണത്തിനായി ഒരു ദിവസം മാറ്റിവച്ച സന്തോഷം പങ്കിടുകയാണ് കൃതി സനോണ്. ഒരു പോട്ടറി സെഷനിൽ പങ്കെടുത്ത താരം, ഈ കലാരൂപവുമായുള്ള തന്റെ ആദ്യ അനുഭവത്തിന്റെ ചിത്രങ്ങൾ സഹിതമാണ് സോഷ്യല് മീഡിയയില് പങ്കിട്ടിരിക്കുന്നത്. ഓരോ സൃഷ്ടിയും തികഞ്ഞതാക്കുക എന്നതിലുപരി, ഏറെക്കാലമായി മാറ്റിവെച്ചിരുന്ന ഒരു കാര്യം ഒടുവിൽ പരീക്ഷിച്ചുനോക്കുക എന്നതിനായിരുന്നു പ്രാധാന്യം എന്നതാണ് കൃതി കുറിച്ചിരിക്കുന്നത്.
‘‘വർഷങ്ങളായി നിങ്ങൾ ചെയ്യാൻ അല്ലെങ്കിൽ പഠിക്കാൻ ആഗ്രഹിക്കുന്ന കാര്യം ... ഈ വർഷം ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റില് ഇടംപിടിച്ചിട്ടും സമയം കണ്ടെത്താനാകാതെ പോയ ഒന്ന്....’ എപ്പോഴെങ്കിലും ചെയ്യാം എന്ന് വീണ്ടും പറയുന്നതിന് പകരം, ഇന്നത്തെ ദിവസം അതിനായുള്ള ‘ആദ്യ ദിവസ’മാക്കൂ! എന്റെ ലിസ്റ്റിലുണ്ടായിരുന്ന കാര്യങ്ങളിലൊന്നായിരുന്നു മൺപാത്ര നിർമ്മാണം... ഒരു പുതിയ കഴിവ് പഠിക്കുമ്പോഴുണ്ടാകുന്ന സന്തോഷം, അതൊന്നു വേറെത്തന്നെയാണ്... നിരന്തരം പുതിയ കാര്യങ്ങൾ പഠിച്ചും തുടർച്ചയായി വളർന്നുകൊണ്ടിരിക്കുന്ന, സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരാളായിരിക്കാൻ എനിക്കേറെ ഇഷ്ടമാണ്...’’ എന്നാണ് ചിത്രങ്ങള് പങ്കിട്ട് കൃതി സനോണ് കുറിച്ചത്. ചിത്രങ്ങളിൽ, പോട്ടറി വീലിന് മുന്നിലിരുന്ന് ഇരു കൈകളും ഉപയോഗിച്ച് കളിമണ്ണിൽ പണിയെടുക്കുന്ന താരത്തെ കാണാം. മൺനിറത്തിലുള്ള പാത്രങ്ങളും കപ്പുകളുമാണ് കൃതിയുടെ പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നത്. ചിലതിന്റെ വക്കുകൾക്ക് അല്പം അസമത്വമോ തരംഗരൂപമോ കാണാം. ഹൃദയത്തിന്റെ ആകൃതിയിലുള്ളതും അസമമായ വക്കുകളുള്ള മറ്റൊരു മണ്പാത്രത്തിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പോട്ടറി ക്ലാസിനായി സ്ലീവ്ലെസ് മെറൂൺ ടോപ്പും ബ്ലൂ ജീൻസും വരകളുള്ള ഏപ്രണുമാണ് കൃതി തിരഞ്ഞെടുത്തത്. ഒപ്പം ഒരു പ്രിന്റഡ് ഹെഡ്സ്കാർഫും ധരിച്ച് ലളിതമായി തിളങ്ങുകയാണ് കൃതി.
കരിയറിലും തിളങ്ങി നില്ക്കുന്ന കൃതിയുടേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം കോക്ക്ടെയിൽ 2 ആണ്. ഹോമി അദാജാനിയ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രശ്മിക മന്ദന്നയും ഷാഹിദ് കപൂറുമാണ് കൃതിയ്ക്കൊപ്പം ഈ സിനിമയില് പ്രധാന വേഷങ്ങളിലെത്തിയത്.







Comments