
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. ഇന്ന് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പ്രതീക്ഷിക്കുന്നതായി കെഎസ്ഇബി അറിയിച്ചു. ദീർഘകാല കരാറിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കേണ്ട 380 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കില്ല. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ടും മുടങ്ങും.
പല ജില്ലകളിലും മഴ തുടരുന്നുണ്ടെങ്കിലും വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. മഴയും പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭിച്ച വൈദ്യുതിയും മൂലം ഇന്നലെ നിയന്ത്രണം ഒഴിവാക്കാനായിരുന്നു കഴിഞ്ഞത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. പ്രതിസന്ധി മറികടക്കാൻ സർക്കാർ വിവിധ മാർഗങ്ങൾ തേടുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. ആണവ, താപനിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുന്നു.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ യൂണിറ്റിന് 10 രൂപയ്ക്ക് മുകളിൽ വില വന്നാലും വൈദ്യുതി വാങ്ങുന്നതിന് തടസ്സമില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്.
രണ്ടുദിവസത്തെ ആശ്വാസത്തിന് പിന്നാലെ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പലയിടങ്ങളിലും മൂന്ന് തവണ വരെ വൈദ്യുതി തടസ്സപ്പെട്ടു. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 97.95 ദശലക്ഷം യൂണിറ്റായിരുന്നു. പീക്ക് സമയത്ത് 4785 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വന്നു. ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.







Comments