
മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ പാൽ ടാങ്കർ മറിഞ്ഞതിന് പിന്നാലെ അരങ്ങേറിയ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ ദഹാനുവിന് സമീപം താവ ഗ്രാമത്തിലാണ് സംഭവം. മുംബൈയിലേക്ക് പോകുകയായിരുന്ന പാൽ ടാങ്കറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെ തുടർന്ന് ടാങ്കറിൽ ഉണ്ടായിരുന്ന പാൽ റോഡിലേക്ക് ഒഴുകിയതോടെ സംഭവം കൗതുകക്കാഴ്ചയായി മാറുകയായിരുന്നു.
പാൽ റോഡിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ സമീപത്തുണ്ടായിരുന്നവർ ബക്കറ്റുകളും കുപ്പികളും മറ്റ് പാത്രങ്ങളുമായി സ്ഥലത്തേക്ക് ഓടിയെത്തി. ഒഴുകിപ്പോകുന്ന പാൽ പാത്രങ്ങളിൽ ശേഖരിക്കുകയായിരുന്നു പലരും. അപകടം കാണാനെത്തിയവരും പിന്നീട് പാൽ ശേഖരിക്കുന്നതിനായി ടാങ്കറിന് ചുറ്റും കൂടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
അപകടത്തിൽ ടാങ്കർ ഡ്രൈവർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. എന്നാൽ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഹൈവേയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സ്ഥലത്തെത്തിയ അധികൃതരും നാട്ടുകാരും ചേർന്ന് റോഡിൽ നിന്ന് മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങളേക്കാൾ സമൂഹമാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് പാൽ ശേഖരിക്കാനായി നാട്ടുകാർ പാത്രങ്ങളുമായി ഓടിയെത്തിയ കാഴ്ചയാണ്. ഒരേസമയം നിരവധി പേർ ബക്കറ്റുകളും കുപ്പികളുമായി റോഡിൽ നിന്ന് പാൽ ശേഖരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.







Comments