
അമ്മയെ മോണിറ്ററില് കണ്ടപ്പോഴാണ് തന്റെ പലഭാവങ്ങളുടെയും ഉറവിടം എവിടെ നിന്നാണെന്ന് തിരിച്ചറിഞ്ഞതെന്ന് നടന് പൃഥ്വിരാജ്. ബ്രോ ഡാഡി എന്ന ചിത്രത്തില് മോഹന്ലാലിന്റെ അമ്മായായി സ്വന്തം അമ്മ മല്ലിക സുകുമാരനെ സംവിധാനം ചെയ്ത അനുഭവം പങ്കുവെക്കുകയായിരുന്നു താരം. മാതാപിതാക്കളെ സംവിധാനം ചെയ്യുക എന്നത് വലിയൊരു അനുഭവമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ചെറുപ്പത്തില് താനും ഇത്തരമൊരു സ്വപ്നം കണ്ടിരുന്നുവെന്ന് സംവിധായകി മേഘ്ന ഗുല്സാറും വ്യക്തമാക്കി.
'ഞാന് എന്റെ അമ്മയെ സംവിധാനം ചെയ്തിട്ടുണ്ട്. അതൊരു ഭയങ്കര അനുഭവം ആണ്. മാതാപിതാക്കളെ സംവിധാനം ചെയ്യുന്ന സമയത്താണ് നമ്മുടെ പല എക്സ്പ്രഷന്സും സ്വഭാവങ്ങളുമെല്ലാം എവിടെ നിന്ന് വന്നു എന്ന് മനസിലാവുക. കാരണം ഞാന് എന്റെ അമ്മയെ സംവിധാനം ചെയ്യുമ്പോള്, ആ അഭിനയം മോണിറ്ററില് കണ്ടപ്പോഴാണ് എന്റെ പല എക്സ്പ്രഷന്സിന്റേയും സോഴ്സ് മനസിലായത് .
ബ്രോ ഡാഡി എന്ന സിനിമയിലെ ഒരു രംഗം ഷൂട്ട് ചെയ്യുന്നത് എനിക്ക് ഇപ്പോഴും ഓര്മയുണ്ട്. മോഹന്ലാല് സാറിന്റെ അമ്മയുടെ വേഷമാണ് സിനിമയില് എന്റെ അമ്മ ചെയ്തിരുന്നത്. ഭാര്യ വീണ്ടും ഗര്ഭിണിയായെന്ന കാര്യം അമ്മയില് നിന്നും മറച്ചുവെക്കാന് മോഹന്ലാല് സാറിന്റെ കഥാപാത്രം ശ്രമിക്കുന്ന സീനായിരുന്നു അത്. പക്ഷേ അമ്മ അത് കണ്ടുപിടിക്കുകയാണ്. ആ സീന് ഷൂട്ട് ചെയ്തത് ഞാനൊരിക്കലും മറക്കില്ല,' പൃഥ്വിരാജ് പറഞ്ഞു.
ചെറുപ്പത്തില് തനിക്കും മാതാപിതാക്കളെ സംവിധാനം ചെയ്യണമെന്ന് സ്വപ്നം കണ്ടിരുന്നു എന്നും, എന്നാല് വലുതായപ്പോള് പ്രാക്ടിക്കലായി ആലോചിക്കാന് തുടങ്ങിയതോടെ ആ സ്വപ്നം മാറ്റിവെച്ചു എന്നുമാണ് മേഘ്ന ഗുല്സാര് അഭിമുഖത്തില് പറയുന്നത്. ‘ദയ്റ’ സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.







Comments