
ലഡാക്കിൽ ഒരു മാസം താമസിച്ച് ജോലി ചെയ്യാൻ പോയ ദമ്പതികൾക്ക് ഒടുവിൽ ചെലവായത് 96,600 രൂപ. 15,000 രൂപയ്ക്കോ പരമാവധി 20,000 രൂപയ്ക്കോ ഒരു മാസത്തേക്ക് മുറി ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ താമസം, ഭക്ഷണം, യാത്ര തുടങ്ങി വിവിധ ചെലവുകൾ കൂട്ടിയപ്പോൾ കണക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഏറെ ഉയരുകയായിരുന്നു.
ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരായ അഞ്ജലിയും നമനും ചേർന്നാണ് ലഡാക്കിലെ ഒരു മാസത്തെ വർക്ക്കേഷന്റെ ചെലവുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘15,000 രൂപയ്ക്ക് റൂം കിട്ടുമെന്ന് കരുതി’ എന്നായിരുന്നു ഇവരുടെ ആദ്യ പ്രതീക്ഷ. എന്നാൽ ഒടുവിൽ ഒരു മാസത്തെ താമസത്തിനായി 30,000 രൂപ നൽകേണ്ടിവന്നു. ഒരു രാത്രിക്ക് 1,000 രൂപയായിരുന്നു താമസച്ചെലവ്.
ഭക്ഷണത്തിനായി ഒരു മാസം 9,000 രൂപ ചെലവായി. വാടകയ്ക്ക് എടുത്ത സ്കൂട്ടറിനായി 2,100 രൂപയും നൽകി. ഹോസ്റ്റിന്റെ സ്കൂട്ടർ സൗജന്യമായി ഉപയോഗിക്കാൻ കഴിഞ്ഞതിനാൽ ചില ചെലവുകൾ ലാഭിക്കാനും സാധിച്ചു. സ്നാക്സിനും പലചരക്ക് സാധനങ്ങൾക്കുമായി 2,500 രൂപയും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനായി 5,000 രൂപയും അധികമായി ചെലവായതായി ദമ്പതികൾ പറഞ്ഞു.
ലഡാക്കിലേക്കുള്ള യാത്രയും അവിടെ നടത്തിയ യാത്രകളും കൂടി വന്നതോടെ ചെലവ് വീണ്ടും ഉയർന്നു. മണാലിയിൽ നിന്ന് ലേയിലേക്കുള്ള യാത്രയും ഡൽഹിയിലേക്കുള്ള മടക്ക വിമാനയാത്രയും ഉൾപ്പെടെയുള്ള യാത്രാചെലവുകൾക്കൊപ്പം ലഡാക്ക് ചുറ്റിക്കാണാൻ മാത്രം ഏകദേശം 30,000 രൂപ ചെലവായെന്നും ഇവർ വ്യക്തമാക്കി. അങ്ങനെ രണ്ട് പേർക്കായി ഒരു മാസം ലഡാക്കിൽ താമസിച്ച് ജോലി ചെയ്യാനും യാത്ര ചെയ്യാനും ആകെ ചെലവായത് 96,600 രൂപ.







Comments