
സെക്രട്ടേറിയറ്റിന് മുന്നില് നിരാഹാരസമരം തുടരുന്ന സംവിധായകന് സനല്കുമാര് ശശിധരനെതിരെ വിമര്ശനവുമായി സംവിധായകന് ആലപ്പി അഷ്റഫ്. മാനസിക രോഗിയാണോ എന്ന് സംശയിക്കേണ്ട രീതിയിലുളള സംസാരവും പ്രവര്ത്തികളുമാണ് സനല്കുമാര് ശശിധരന് നടത്തുന്നതെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.
സനലിന്റെ ഇത്തരം പ്രവര്ത്തികള്ക്ക് പിന്നില് മറ്റാരുടെയെങ്കിലും കൈകടത്തലുകളോ ഗൂഢാലോചനകളോ ഉണ്ടോ അതോ മാനസിക വൈകല്യം മൂലം സംഭവിക്കുന്നതാണോ എന്നൊക്കെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില് നടിയെ പിന്തുണച്ച് രംഗത്ത് വരാത്ത അമ്മ സംഘടനയെയും ആലപ്പി അഷ്റഫ് വിമര്ശിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
'അവാർഡുകളൊക്കെ വാരി നിരത്തി വെച്ചുകൊണ്ട് ഈ കഴിവുറ്റ കലാകാരൻ സെക്രട്ടറിയറ്റിന്റെ മുന്നിൽ ദിവസങ്ങളായി നിരാഹാര സത്യാഗ്രഹം തുടരുകയാണ്. നിരാഹാരമാണെന്ന് പറയുന്നുണ്ടെങ്കിലും വീട്ടിൽ പോയി കുളിച്ച് ഭക്ഷണം കഴിച്ച് ഡ്രസ്സ് ഒക്കെ മാറി ചാരുകസരയിൽ വന്നിരുന്ന് കാറ്റുകൊള്ളാൻ ഇരിക്കുന്നത് പോലെ വരുന്നവരോടും പോകുന്നവരോടും ഒക്കെ കുശലാന്വേഷണവും നടത്തുന്നുണ്ട്. എന്തായാലും നിരാഹാര സത്യാഗ്രഹത്തിന്റെ രൂപവും ഭാവവും ഒക്കെ സനൽകുമാർ ശശിധരൻ പരിഷ്കരിച്ചിട്ടുണ്ട്.
പ്രശസ്ത നടിയും സനൽ കുമാറും തമ്മിലുള്ള പ്രശ്നങ്ങൾ 2019 ൽ തുടങ്ങിയതാണ്. അന്ന് അയാൾക്കെതിരെ ഈ നടി കേസും ഫയൽ ചെയ്തിരുന്നു. അതേ തുടർന്ന് അയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ് സാധാരണയായി ഒരാളെ കേസിൽ കുടുക്കിയാൽ സ്വാഭാവികമായും അയാളോട് ശത്രുതയും വൈരാഗ്യവുമാണ് തോന്നാറുള്ളത്. എന്നാൽ ഇവിടെ നല്ലവനായ ഉണ്ണിക്ക് അവരോട് യാതൊരു വൈരാഗ്യവുമില്ല എന്നുമാത്രമല്ല അവരെ കാക്കയും പൂച്ചയും എടുക്കാതെ സംരക്ഷിക്കാൻ പെടാപ്പാട് പെടുകയാണ്.
സനൽ തന്റെ സത്യാഗ്രഹ കസേരയുടെ ഒരു വശത്തായി തന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു ഫ്ലക്ച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് അതിൽ ഊന്നി പറഞ്ഞിരിക്കുന്നത്. ഒന്നാമത്തത് പ്രശസ്ത നടി സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നുള്ള ആരോപണം അന്വേഷിക്കുക ,രണ്ടാമത്തേത് തനിക്കെതിരെയുള്ള കള്ളക്കേസിന്റെ പിന്നിലുള്ള ഗൂഢലോചന അന്വേഷിക്കുക, മൂന്നാമത്തത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക അതിലെ സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കുക .സനലിന്റെ ഈ മൂന്ന് ആവശ്യങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ അന്വേഷണം നടത്തി തീർപ്പാക്കേണ്ടതായതിനാൽ ആകാം ഗവൺമെന്റോ പോലീസോ നിയമപാലകരോ ആരും തന്നെ ആ വഴി ചെല്ലാത്തത്.
അനാഥനായ ഒരു സിനിമാ സംവിധായകന്റെ സമരത്തിനു നേരെ സിനിമാ സംഘടനകളും കണ്ണടച്ചിരിക്കുകയാണ്. ഫെഫ്കെയോ അമ്മയോ ഇതിനെക്കുറിച്ച് ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല .ഈ നടികൂടി അംഗമായ ഒരു സിനിമാ സംഘടനയാണ് അമ്മ. ഈ നടിയെ പൊതുവിടത്തിൽ അപമാനിച്ച് അപഹസിക്കുന്നതിനെതിരെ ഒരു വാക്കു കൊണ്ടുപോലും ശബ്ദമുയർത്തി പ്രതികരിക്കാൻ തയ്യാറായില്ല എന്നത് സ്ത്രീകൾ തലപ്പത്തിരിക്കുന്ന ഭരിക്കുന്ന സംഘടനയുടെ കെടുകാര്യസ്ഥതയ്ക്ക് ഉത്തമ ഉദാഹരണമാണ്.
സനലിന്റെ ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ മറ്റാരുടെയെങ്കിലും കൈകടത്തലുകളോ ഗൂഢാലോചനകളോ ഉണ്ടോ അതോ മാനസിക വൈകല്യം മൂലം സംഭവിക്കുന്നതാണോ എന്നൊക്കെ സംശയിക്കേണ്ടിയിരിക്കുന്നു. പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത് കേട്ടു നടി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് ഇത്തരം ആഭാസത്തരങ്ങൾക്കെതിരെ എന്താണ് അവർ പ്രതികരിക്കേണ്ടത്. ഇതിലും വലിയ ആക്ഷേപങ്ങൾ നിരപരാധിയായ അവരുടെ മേൽ പലപ്പോഴും പലരും ഉതിർത്തിട്ടുണ്ട് .അതിനെതിരെ പോലും പൊതുവിടങ്ങളിൽ വിഴുപ്പലക്കി മറ്റു മറ്റുള്ളവരെ മോശമാക്കാൻ അവർ ശ്രമിച്ചിട്ടില്ല വന്നിട്ടുമില്ല.
അതവരുടെ വ്യക്തിത്വമില്ലായ്മയും കഴിവുകേടായും ആരും കാണേണ്ടതില്ല. ക്ഷമയും സമാധാനവുമാണ് അവരെ ഇപ്പോഴത്തെ പദവിയിൽ എത്തിനിൽക്കാൻ സഹായിച്ചിട്ടുള്ളത്. ഇവിടെ ആ ക്ഷമയുടെയും സമാധാനത്തിന്റെയും എല്ലാ സീമകളും ലംഘിക്കപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ നിയമവഴി അവർ നീങ്ങിയത് കുറച്ചു നാളുകൾക്ക് മുൻപ് വരെ ഗൂഗിളിൽ അവരെക്കുറിച്ച് സെർച്ച് ചെയ്താൽ വരുന്നത് അവരുടെ സിനിമകളെ കുറിച്ചും അവരുടെ അഭിനയ മികവിനെ കുറിച്ചും ഒക്കെയാണ്. എന്നാൽ ഇപ്പോൾ കാണാൻ കഴിയുന്നത് സനൽകുമാർ ശശിധരനുമായിട്ടുള്ള പ്രശ്നങ്ങളും മറ്റുമാണ്. അതവരുടെ ഇമേജിന് കോട്ടം സംഭവിക്കാൻ ഉതകുന്ന രീതിയിലുള്ളവയുമാണ്. നടി ആകെ ചെയ്തുപോയ തെറ്റ് എന്താണെന്ന് വെച്ചാൽ ഇയാളുടെ പടത്തിൽ അഭിനയിച്ചുപോയി എന്നതാണ്. ഒരു സംവിധായകന്റെ പടത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സ്നേഹത്തോടെയും സഹകരണത്തോടെയും സൗഹാർദ്ദത്തോടെയും പെരുമാറുക എന്നത് സർവ്വസാധാരണമാണ് .ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്.
അയാൾ ആ അടുപ്പത്തെയും സ്നേഹത്തെയും മുതലെടുത്തു, തെറ്റിദ്ധരിച്ചു. അതുമല്ലെങ്കിൽ ഭർത്താവില്ലാത്ത ഒരു സ്ത്രീ ആയതിനാൽ ഇങ്ങനെയൊക്കെ പറഞ്ഞു പ്രചരിപ്പിച്ചാൽ തന്നോട് അടുക്കുമെന്നുള്ള മിഥ്യാധാരണയും ആകാം ഇത്തരം ചീപ്പ് പ്രവർത്തികളിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. നടിയുടെ നിയമ പോരാട്ടത്തിന് കരുത്തും ശക്തിയും നൽകി അവരോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നത് എഴുത്തുകാരിയും നടിയും ഒക്കെയായ അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. സനൽ കുമാറിനെതിരെ നടിക്ക് വേണ്ടി ശാന്തി കോടതിയിൽ ഹാജരായപ്പോൾ ഈ കേസ് കൂടുതൽ വാർത്താപ്രാധാന്യം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സമൂഹത്തിൽ മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീയെ നിരന്തരം വേട്ടയാടി ആക്ഷേപിക്കുന്നതിനെതിരെയാണ് പോരാട്ടം ആരംഭിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് വഴിവെട്ടി വിജയിച്ചു കയറി വന്നവളാണ് ഈ നടി അവളുടെ പോരാട്ട വീര്യത്തെ തകർക്കാൻ ഇത്തരം ഓലപ്പടക്കങ്ങൾ പോരാതെ വരുമെന്ന് ഓർക്കുക ’.







Comments