
തിരുവനന്തപുരം: പാർട്ടിക്ക് കടുത്ത നാണക്കേടുണ്ടാക്കിയ ചിറയൻകീഴ് കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ, എംഎൽഎ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ചുകൊണ്ട് സമവായത്തിലൂടെ പ്രശ്നം ഒതുക്കിതീർക്കാൻ കെപിസിസി നേതൃത്വത്തിന്റെ ശ്രമം. വിവാദത്തിൽ എംഎല്എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് താക്കീത് നൽകുക മാത്രമാണുണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ ഇരുവരോടും ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റിയും എംഎൽഎയും യോജിച്ച് പ്രവർത്തിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇനി ഒരു പ്രതികരണവും പാടില്ലെന്നും കേസുകൾ പിൻവലിക്കണമെന്നും ഇരുവരോടും നിര്ദേശിച്ചിട്ടുണ്ട്. എം എം ഹസൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ നടപടി.
മറുചേരിയുടെ എതിർപ്പും പ്രതിഷേധവും തണുപ്പിക്കുന്നതിന്റെ ഭാഗമായി, വിവാദങ്ങളിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കരുതെന്ന കർശന നിർദ്ദേശം രമ്യ ഹരിദാസിന് നൽകാനും ധാരണയായിട്ടുണ്ട്. കയ്യാങ്കളിയെ തുടർന്ന് രമ്യയുടെ സഹായിയായ പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ എംഎം ഹസ്സൻ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതി തെളിവെടുപ്പുകളും മറ്റും നടത്തിവരുന്നതിനിടയിൽ പാർട്ടി തലത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവമായിരുന്നു. പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന കർശന മുന്നറിയിപ്പോടെ വിഷയം ലഘൂകരിക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്.







Comments