
പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. വർഷങ്ങളായി മഞ്ജു വാര്യരുടെ സിനിമകളും അഭിമുഖങ്ങളും കൃത്യമായി പിന്തുടരുന്ന മലയാളികൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള തരത്തിലുള്ള അവകാശവാദങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി സംവിധായകൻ സനൽ കുമാർ അഭിമുഖങ്ങളിലൂടെയും ഫേസ്ബുക്ക് കുറിപ്പുകളിലൂടെയും ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരെ നായികയാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് മഞ്ജുവുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങൾ സംവിധായകൻ ഉന്നയിച്ചുവരികയായിരുന്നു. ഇതുവരെ മഞ്ജു വാര്യരോ കുടുംബാംഗങ്ങളോ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിരുന്നില്ല.
എന്നാല് അടുത്തിടെ മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്നതുള്പ്പെടെയുള്ള ആരോപണങ്ങള് ഉന്നയിച്ച് സനല്കുമാർ ശശിധരൻ രുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താന് തുടങ്ങി. അതോടെ മഞ്ജുവും കുടുംബവും അതിനെതിരെ പ്രതികരിച്ചു. സനൽകുമാർ ശശിധരനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ് മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനൽകുമാർ ശശിധരൻ നടത്തുന്നതെന്നും തനിക്കെതിരായി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകൾ പിൻവലിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. താരത്തിന്റെ ഈ പ്രതികരണത്തിനു പിന്നാലെ കലാരംഗത്തുള്ള പലരും മഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല് മീഡിയ കുറിപ്പുകള് പങ്കിട്ടിരുന്നു.
ഇപ്പോഴിതാ സെക്രട്ടേറിയറ്റിന് മുന്നില് എട്ടുദിവസമായി നിരാഹാരസമരം തുടരുന്ന സംവിധായകൻ സനല് കുമാർ ശശിധരനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സി.പി.എം നേതാവും മുൻമന്ത്രിയുമായ വി. ശിവൻകുട്ടി. നടി മഞ്ജു വാര്യർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നില് നടക്കുന്നത് തരംതാണ കോപ്രായങ്ങളാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും ശിവൻകുട്ടി സോഷ്യല് മീഡിയ കുറിപ്പില് പറഞ്ഞു. മഞ്ജു വാര്യരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന നടപടികള്ക്കെതിരെ ശക്തമായ പ്രതിരോധം ഉയരണമെന്നും ശിവന്കുട്ടി ആവശ്യപ്പെട്ടു.
‘‘സ്വന്തം പ്രതിഭകൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയർന്നുവന്ന മഞ്ജു വാര്യർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ അരങ്ങേറുന്ന തരംതാണ കോപ്രായങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ഒരു വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിർണ്ണയാവകാശത്തെയും പരസ്യമായി ചവിട്ടിമെതിക്കുന്ന ഇത്തരം ഹീനമായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉയർന്നേ തീരൂ. ജീവിതവും നിലപാടുകളും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള ഒരു സ്ത്രീയുടെ മൗലികാവകാശത്തിന്മേൽ കടന്നുകയറാനും വ്യാജ ആരോപണങ്ങളിലൂടെ നീതിയെ വെല്ലുവിളിക്കാനും ആർക്കും അവകാശമില്ല.
ദശാബ്ദങ്ങളുടെ കഠിനാധ്വാനത്തെ തകർക്കാൻ കെട്ടുകഥകളിലൂടെയും ഡിജിറ്റൽ ഇടങ്ങളിലൂടെയും നടത്തുന്ന ഈ നീക്കം പച്ചയായ വ്യക്തിഹത്യയും കൊടിയ മാനസിക പീഡനവുമാണ്. ഒരു കലാകാരിയുടെ ആത്മാഭിമാനത്തെ തെരുവിൽ വലിച്ചിഴയ്ക്കുന്ന ഈ സ്ത്രീവിരുദ്ധ അനീതിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഈ പരസ്യ വേട്ടയാടലിന് കടിഞ്ഞാണിടാൻ സർക്കാരും നിയമപാലകരും അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തിൽ കോടതി കർശനമായ മാതൃകാ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്...’’ എന്നാണ് ശിവന്കുട്ടി മഞ്ജുവാര്യരെ ടാഗ് ചെയ്ത് കുറിച്ചിരിക്കുന്നത്.
മഞ്ജു വാര്യർ തടവിലാണെന്നും ഇക്കാര്യത്തില് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സനല് കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നില് നിരാഹാരസമരം നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംവിധായകന്റെ ആവശ്യങ്ങളിലുണ്ട്. സർക്കാർ സംവിധാനങ്ങളോ നിയമസംവിധാനങ്ങളോ തന്റെ ആവശ്യങ്ങളില് നടപടി സ്വീകരിക്കാത്തതിനാലാണ് സമരമെന്നാണ് സനല്കുമാര് നേരത്തെ പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് ഉള്പ്പെടെയുള്ള പുരസ്കാരങ്ങള് അരികില്വെച്ചാണ് നിരാഹാരം തുടരുന്നത്.
മഞ്ജു വാര്യർ സംവിധായകനെതിരെ കോടതിയെ സമീപിച്ച് പരാതി നല്കിയതിനെതിരെയും സനല്കുമാര് പ്രതികരിച്ചിട്ടുണ്ട്. പരാതിയിലെ ഒപ്പ് മഞ്ജുവിന്റേതല്ലെന്നാണ് സനല് കുമാർ ശശിധരന്റെ പ്രതികരണം. സമരത്തെ പരിഹസിച്ച് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരും രംഗത്തെത്തിയിരുന്നു. മഞ്ജുവിനൊപ്പം കുടുംബം നില്ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മധുവിന്റെ സോഷ്യല് മീഡിയ പ്രതികരണം.







Comments