
പതിനൊന്നു വയസ്സുള്ളപ്പോള് മുതല് സിനിമയോടൊപ്പം യാത്ര തുടങ്ങിയ അഭിനേത്രിയാണ് ദിവ്യ എന്ന പ്രേക്ഷകരുടെ സ്വന്തം അഭിരാമി. അടൂര് ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത കഥാപുരുഷന് എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച താരം ഞങ്ങള് സന്തുഷ്ടരാണ്, മേഘസന്ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില് തന്റെ സ്ഥാനം താരമുറപ്പിച്ചു. ഇന്നും പ്രേക്ഷകര് ഓർത്തുവയ്ക്കുന്ന നിരവധി കഥാപാത്രങ്ങൾ ചെയ്ത് തമിഴിലും മലയാളത്തിലുമടക്കം തിളങ്ങി നിന്നിരുന്ന തന്റെ കരിയറിന്റെ പീക്ക് ടൈമിലാണ് നീണ്ട ഇടവേളയെടുത്ത് അഭിരാമി സിനിമയിൽനിന്ന് മാറിനിന്നത്.
പത്തുവര്ഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ കരിയറിന്റെ രണ്ടാം ഇന്നിംഗ്സില് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയപ്പോഴും മികച്ച കഥാപാത്രങ്ങളാണ് അഭിരാമിയെ കാത്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലും അഭിരാമി ശരിക്കും തിളങ്ങി. പ്രശംസകളുടെ ഒരു കൂമ്പാരം തന്നെയാണ് ആ സിനിമയ്ക്ക് താരത്തിന് ലഭിച്ചത്. താരത്തിന്റേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് രഞ്ജിത് സംവിധാനം ചെയ്ത ലോ ആന്ഡ് ഓര്ഡര്. ചിത്രവുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന് തിരക്കുകളിലാണ് താരം.
ഇപ്പോഴിതാ ഒരു തുടക്കക്കാരി എന്ന നിലയിൽ തനിക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരമായിരുന്നു ഞങ്ങള് സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ കിട്ടിയതെന്നു പറയുകയാണ് അഭിരാമി. 1999-ൽ രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയുടെ തുടക്കത്തിൽ സംവിധായകൻ തനിക്കായി നൽകിയ ഫുൾ ടൈറ്റിൽ കാർഡും, ഔസേപ്പച്ചൻ-യേശുദാസ് കൂട്ടുകെട്ടിലൊരുങ്ങിയ പൊന്നിൻ വള കിലുക്കി എന്ന ഗാനവും എന്ന് പറയുകയാണ് താരം.
‘‘ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ ‘പൊന്നിൻ വള കിലുക്കി’ എന്ന പാട്ട് എന്റെ കഥാപാത്രത്തെ സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യാൻ വേണ്ടിയാണ് ഉപയോഗിച്ചത്. രാജസേനൻ സർ അഭിരാമിയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ശരിക്കും ആ പാട്ടാണ് ഉപയോഗിച്ചത്. സത്യം പറഞ്ഞാൽ അദ്ദേഹം എനിക്ക് തന്ന ഏറ്റവും വലിയൊരു കോംപ്ലിമെന്റ് എന്ന് പറയുന്നത്, ആ സിനിമയുടെ തുടക്കത്തിൽ തന്നെ ‘കലാകേരളത്തിന് മുന്നിൽ ഞങ്ങൾ പുതിയതായി അവതരിപ്പിക്കുന്ന താരം അഭിരാമി...’ എന്ന് കാണിച്ചുകൊണ്ട് എനിക്ക് വേണ്ടി ഒരു ഫുൾ ടൈറ്റിൽ കാർഡ് തന്നു എന്നതാണ്. എത്ര നടിമാർക്ക് അത് അങ്ങനെ ഒന്നു ക്ലെയിം ചെയ്യാൻ സാധിക്കും.
ആ പാട്ട് ശരിക്കും സിനിമയേക്കാളും എന്നെ ഫിലിം ഇൻഡസ്ട്രിയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യാൻ വേണ്ടിയായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. ആ ഒരു കാര്യത്തിൽ ഞാൻ രാജസേനൻ സാറിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എപ്പോഴും എനിക്ക് ആ ഒരു കടപ്പാട് പുള്ളിയുടെ അടുത്തുണ്ട്. സിനിമാ ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ അങ്ങനെ ഒരു അവസരം കിട്ടുന്നതൊക്കെ വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. മാത്രവുമല്ല എന്തൊരു മനോഹരമായ പാട്ടാണത്...അവിശ്വസനീയമാംവിധം മനോഹരമായ പാട്ട്, സന്തോഷേട്ടന്റെ വോയ്സ് ആവട്ടെ, ഔസേപ്പച്ചൻ സാറിന്റെ മ്യൂസിക് ആവട്ടെ, ഇൻക്രെഡിബിൾ പാട്ട്. അങ്ങനെയൊരു ലോഞ്ച് കിട്ടുന്നതൊക്കെ ഭാഗ്യം തന്നെ ആണ്...’’ എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില് അഭിരാമി പറയുന്നത്.







Comments