
തിരുവനന്തപുരം: മുന്മുഖ്യമന്ത്രി പിണറായി വിജയനും മുന്മന്ത്രി മുഹമ്മദ് റിയാസിനും എതിരേ നടക്കാനിരിക്കുന്ന അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ ഇന്ന് തീരുമാനിക്കും. സിഎംആര്എല് - എക്സാലോജിക് കേസില് അന്വേഷണം ഇന്നലെയായിരുന്നു സര്ക്കാര് പ്രഖ്യാപിച്ചത്. ഇക്കാര്യത്തിലുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് വിവരം. ഡിജിപിയ്ക്കാണ് സംഘത്തെ രൂപീകരിക്കന്നത് ഉള്പ്പെടെയുള്ള കാര്യത്തില് പൂര്ണ്ണ ചുമതല നല്കിയിരിക്കുന്നത്.
അതേസമയം കേസില് എസ്.ഐ.ടി.യ്ക്ക് ഏറ്റവും തിരിച്ചടിയാകുക സി.എം.ആര്.എല്. ഉദ്യോഗസ്ഥര് മൊഴി പിന്വലിക്കാന് സത്യവാങ്മൂലം നല്കിയതാണ്. സിഎംആര്എല് എംഡിയായിരുന്ന ശശിധരന് കര്ത്ത ഉന്നതോദ്യോഗസ്ഥന് പി. സുരേഷ്, മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരീസ് എന്നിവരാണ് തങ്ങള് നേരത്തെ നല്കിയ മൊഴി ഇ.ഡി. യുടെ ഭീഷണിയില് നല്കിയതാണെന്ന് സത്യവാങ്മൂലം നല്കിയത്. ഇതോടെ പുതിയ മൊഴിയെടുക്കേണ്ട സ്ഥിതിയിലായി എസ്ഐടി. ഈ സാഹചര്യത്തില് ഇവര് നേരത്തേ ഇ.ഡി.യ്ക്ക് നല്കിയ മൊഴി തിരുത്തി നല്കിയാല് ഇ.ഡി.യ്ക്ക് അത് വലിയ തിരിച്ചടിയായി മാറും.
പിണറായി മുഖ്യമന്ത്രിയായിരിക്കെ മകള് വീണ സേവനം നല്കാതെ കൈപ്പറ്റിയ പണം പിണറായിക്കുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡി. നല്കിയ കത്തില് വ്യക്തമാക്കിയിട്ടുള്ളത്. അതുപോലെ തന്നെ ഹാരീസിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തി മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തിയെന്നും ഹവാലാ ഇടപാടില് ഏര്പ്പെട്ടെന്നും പറയുന്നു. ഈ മൊഴികള് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. കേസെടുക്കാന് ആവശ്യപ്പെട്ടത്. ഇ.ഡി. ഭീഷണിപ്പെടുത്തി പറയിപ്പിച്ചു എന്ന് വ്യക്തമാക്കി മൊഴി പിന്വലിക്കാന് അപേക്ഷ നല്കിയതോടെ മൊഴികളെ സാധൂകരിക്കുന്ന തെളിവുകള് ആയിരിക്കും നിര്ണ്ണായകമാകുക.
ഇ.ഡിയുടെ ശിപാര്ശ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്നിന്നും ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്സില്നിന്നും നിയമോപദേശം തേടിയശേഷമാണ് അന്വേഷണത്തിനു സര്ക്കാര് പച്ചക്കൊടി കാട്ടിയത്. അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണമെന്ന ഇ.ഡി. ശിപാര്ശയില് നേരിട്ട് എഫ്.ഐ.ആര്. രജിസ്റ്റര് ചെയ്യാതെയാണ് അന്വേഷണം.
ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) പ്രാഥമികാന്വേഷണം നടത്തും. പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കേ, മകള് ടി. വീണ മുഖേന സി.എം.ആര്.എലില്നിന്ന് കൈക്കൂലി വാങ്ങിയെന്നും അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണമെന്നും ശിപാര്ശ ചെയ്താണ് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്കിയത്. കൈക്കൂലിപ്പണം വീണയുടെ ഭര്ത്താവ് മുഹമ്മദ് റിയാസ് സുഹൃത്തുക്കളുടെ സഹായത്തോടെ ദുബായിലേക്കു കടത്തിയതിന്റെ ഡിജിറ്റല് തെളിവുകളും ഇ.ഡി. കൈമാറിയിരുന്നു.







Comments