
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ വലച്ച് പവര്കട്ട് തുടരുന്ന സാഹചര്യത്തില് ഭാവിയിലെ ഊര്ജ്ജ പ്രതിസന്ധി മുന്നില് വെച്ച്
ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വീണ്ടും പരിഗണനയില്. മുഖ്യമന്ത്രിക്ക് വിവരങ്ങള് കൈമാറിയിട്ടുണ്ട്. ആവശ്യത്തിന്റെ 70 ശതമാനത്തിലേറെ വൈദ്യുതിയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് കേരളത്തില് നിലവിലുള്ളത്.
പദ്ധതി നടപ്പാക്കാനുള്ള പുനരാലോചന റിപ്പോര്ട്ട് പഠിച്ചശേഷമായിരിക്കും തീരുമാനം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ആലോചനകള് നടത്തുമെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ക്ഷാമമുണ്ടെന്നും സംസ്ഥാനത്ത് കൂടുതല് വൈദ്യുതി ഉത്പാദിപ്പിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല് പരിസ്ഥിതി പ്രശ്നങ്ങള് ഉന്നയിച്ച് നേരത്തേ തന്നെ പ്രതിസന്ധിയിലായ പദ്ധതിയാണ് ഇത്. ചാലക്കുടിപ്പുഴയില് വാഴച്ചാല് വെള്ളച്ചാട്ടത്തിന് ഏകദേശം 400 മീറ്റര് മുകളില് അണകെട്ടി 163 മെഗാവാട്ട് ഉത്പാദനശേഷിയുള്ള ജലവൈദ്യുതപദ്ധതിയെക്കുറിച്ചുള്ള പഠനങ്ങള് നേരത്തേ തന്നെ നടന്നിരുന്നു. ജലസംഭരണി ഉള്പ്പെടെ ഡാം നിര്മ്മിക്കാന് മൊത്തം വനമേഖലയുടെ 138 ഹെക്ടര് സ്ഥലം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
2011-ല്, പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി പ്രദേശത്തെ പരിസ്ഥിതി സെന്സിറ്റീവ് സോണ് 1 ആയി നിര്വചിക്കുകയും പ്രദേശത്ത് ഒരു പുതിയ അണക്കെട്ട് നിര്മ്മിക്കാന് അനുവദിക്കരുതെന്ന് നിര്ദേശിക്കുകയും ചെയ്തിരുന്നു. കൂടാതെ അണക്കെട്ട് നിര്മ്മിച്ചാല്, ഈ പ്രദേശത്തിന്റെ പ്രധാന ജൈവവൈവിധ്യ ശക്തികള് നഷ്ടപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. ചാലക്കുടി നദിക്ക് ചുറ്റുമുള്ള പ്രദേശത്ത് 155 ഇനം തദ്ദേശീയ സസ്യങ്ങളും, ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന നദീതീര മരങ്ങളും, അതുല്യമായ പക്ഷി-മത്സ്യ ഇനങ്ങളും ഉണ്ടെന്ന് റിപ്പോര്ട്ടില് പറയുന്നു. ഇതോടെ പദ്ധതിക്കെതിരേ പരിസ്ഥിതി വാദികളുടെ എതിര്പ്പ് ഉയരുകയുണ്ടായി.
അതേസമയം മഴ പെയ്തിട്ടും ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് കറന്റ്കട്ട് തുടരേണ്ട സാഹചര്യം നിലനില്ക്കുകയാണ്. ദീര്ഘകാല കരാറുകള് വഴി കിട്ടേണ്ട വൈദ്യുതി കിട്ടാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം. കേന്ദ്ര പൂളില് നിന്ന് മുന് ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല് കിട്ടിയിട്ടും കട്ട് ഒഴിവായില്ല. അതേസമയം ജൂണില് തന്നെ പീക്ക് സമയത്ത് ഉപയോഗിക്കാന് ആവശ്യമായ വൈദ്യുതി ഇല്ലെന്ന് വ്യക്തമായതാണ്. എന്നിട്ടും പ്രശ്നം പരിഹരിക്കാന് സര്ക്കാര് ആവശ്യമായ കാര്യം ചെയ്തില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.







Comments