
നടി മഞ്ജു വാര്യര്ക്കെതിരെ സനല്കുമാര് ശശിധരന് ഉന്നയിക്കുന്ന വാദങ്ങളില് പ്രതികരിച്ച് നടി മാല പാര്വതി. സര്ക്കാര് വിഷയത്തില് ഇടപെടണമെന്ന് മാല പാര്വതി പറയുന്നു.
'' സനല് കുമാര് ശശിധരന് പറയുന്ന ഒരു കാര്യത്തോട് ഞാനും യോജിക്കുന്നു. ഈ ഗവണ്മെന്റന്താണ് ഒന്നും ചെയ്യാത്തത് എന്ന്? ഗവണ്മെന്റിന്റെ ഈ നിഷ്ക്രിയത്വം മഞ്ജു വാര്യര്ക്കോ, സനല്കുമാര് ശശിധരനോ, ഈ വാര്ത്തകള് കണ്ട് ഭ്രാന്താകുന്ന നാട്ടുകാര്ക്കോ ഗുണം ചെയ്യുന്നില്ല.
സനല്കുമാര് ശശിധരനോട് സംസാരിച്ചു എന്ന് പറയുന്ന സ്ത്രീയുടെ ശബ്ദം ഫോറന്സിക് പരിശോധനയ്ക്കയയ്ക്കുക. ആ ഫോണ് സംഭാഷണവുമായി ബന്ധപ്പെട്ട തെളിവുകള് പരിശോധിക്കുക..
ഇത്രയുമെങ്കിലും അടിയന്തരമായി ഗവണ്മെന്റ് ചെയ്യണം. സ്ത്രീ സുരക്ഷയെന്ന് ആവര്ത്തിച്ച് കൊണ്ട്, ഒരു വ്യക്തിയെ നിരന്തരമായി അപമാനിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ആധാരമായി അയാള് പറയുന്നത് ആ ഫോണ് സംഭാഷണമാണ്. അത് പരിശോധിക്കാന് എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണം എന്ന് അഭ്യര്ത്ഥിക്കുന്നു.
മഞ്ജു വാര്യര്ക്ക് എതിരെ നടക്കുന്ന ഈ അതിക്രമത്തില് ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്. പ്രധാനപ്പെട്ട ഒരു കാര്യം..'' സെക്സ് റാക്കറ്റില് മഞ്ജു എങ്ങനെ ഭാഗമാകുന്നു എന്ന് ഇയാള് വ്യക്തമാക്കണം. തെളിവ് പുറത്ത് വിടണം. ഒരു സ്ത്രീയുടെ വ്യക്തിത്വത്തിനെയും അന്തസ്സിനെയും ഹനിക്കുന്ന ഈ വാദം, സാധാരണ മനുഷ്യന്റെ ബുദ്ധിയെ തോല്പിക്കുന്നതാണ്''.- മാല പാര്വതി ഫേസ്ബുക്കില് കുറിച്ചു.
മഞ്ജു വാര്യര് തടവിലാണെന്നും ഇക്കാര്യത്തില് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സനല് കുമാര് ശശിധരന് സെക്രട്ടേറിയറ്റിന് മുന്നില് നിരാഹാരസമരം നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില് ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംവിധായകന്റെ ആവശ്യങ്ങളിലുണ്ട്. സര്ക്കാര് സംവിധാനങ്ങളോ നിയമസംവിധാനങ്ങളോ തന്റെ ആവശ്യങ്ങളില് നടപടി സ്വീകരിക്കാത്തതിനാലാണ് സമരമെന്നാണ് സനല്കുമാര് നേരത്തെ പറഞ്ഞത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് ഉള്പ്പെടെയുള്ള പുരസ്കാരങ്ങള് അരികില്വെച്ചാണ് നിരാഹാരം തുടരുന്നത്. മഞ്ജു വാര്യര് സംവിധായകനെതിരെ കോടതിയെ സമീപിച്ച് പരാതി നല്കിയതിനെതിരെയും സനല്കുമാര് പ്രതികരിച്ചിട്ടുണ്ട്. പരാതിയിലെ ഒപ്പ് മഞ്ജുവിന്റേതല്ലെന്നാണ് സനല് കുമാര് ശശിധരന്റെ പ്രതികരണം.







Comments