
വൈറലായ സ്വന്തം എഐ മീം യഥാർഥ ജീവിതത്തിൽ പുനരാവിഷ്കരിച്ച് ഫുട്ബോൾ താരം എർലിങ് ഹാലൻഡ്. യൂട്യൂബ് താരം മിസ്റ്റർബീസ്റ്റിനൊപ്പമാണ് ഹാലൻഡ് മീമിലെ രംഗം വീണ്ടും അവതരിപ്പിച്ചത്. ഇരുവരും ഒരുമിച്ചുള്ള പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.
ഭക്ഷണം കഴിക്കുന്നതിനിടെ എന്തോ കണ്ട് ഞെട്ടുന്നതുപോലെ ഹാലൻഡ് മുഖഭാവം മാറ്റുന്ന രംഗമാണ് പുതിയ വീഡിയോയിലുള്ളത്. നേരത്തെ വൈറലായ എഐ വീഡിയോയിലെ അതേ രീതിയിലുള്ള ചലനങ്ങളും മുഖഭാവങ്ങളുമാണ് ഇത്തവണ ഹാലൻഡ് നേരിട്ട് അവതരിപ്പിച്ചത്. മിസ്റ്റർബീസ്റ്റ് വീഡിയോയ്ക്ക് നൽകിയ ‘സ്കാരിയസ്റ്റ് മീൽ ഓഫ് മൈ ലൈഫ്’ എന്ന അടിക്കുറിപ്പും രസകരമായ രംഗത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.
എന്നാൽ നേരത്തെ വൈറലായ വീഡിയോയിൽ യഥാർഥത്തിൽ ഹാലൻഡ് ഉണ്ടായിരുന്നില്ല. ചൈനീസ് കോമഡി താരങ്ങളായ ജിൻ ലോങ്ങും ക്യു ക്യുവും ഉൾപ്പെട്ട ഒരു വീഡിയോയിൽ ഹാലൻഡിന്റെ മുഖം എഐ ഉപയോഗിച്ച് ചേർത്തതായിരുന്നു അത്. യഥാർഥ ദൃശ്യങ്ങളാണെന്ന് ആദ്യം പലരും കരുതിയെങ്കിലും പിന്നീട് വീഡിയോ എഐ ഫെയ്സ്-സ്വാപ്പാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇത്തവണ എഐയോ ഫെയ്സ്-സ്വാപ്പോ ഇല്ലാതെ ഹാലൻഡ് തന്നെ അതേ രംഗം അവതരിപ്പിച്ചതാണ് ശ്രദ്ധേയമായത്. മിസ്റ്റർബീസ്റ്റിനൊപ്പമുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഹാലൻഡിന്റെ രസകരമായ പ്രകടനത്തെ പ്രശംസിച്ചും ഇത് ‘യഥാർഥ മീം’ ആയി മാറിയെന്നും പറഞ്ഞുമുള്ള കമന്റുകളും നിറയുകയാണ്.







Comments