
ഉഡുപ്പി: കർണാടകയിലെ ഉടഡുപ്പി ജില്ലയിലുള്ള കുന്ദാപുരം സ്വദേശിയായ അൽവിൻ പ്രകാശ് കുന്ദർ (41) ഷാർജയിൽ കൊല്ലപ്പെട്ടു. ജൂലൈയിൽ കൊലചെയ്യപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം 9 കഷ്ണങ്ങളാക്കി മുറിച്ച് കാറിൽ സൂക്ഷിച്ച നിലയിൽ രണ്ട് മാസത്തിന് ശേഷമാണ് കണ്ടെത്തിയത്. അൽവിന്റെ സഹോദരൻ അനിൽ പ്രശാന്ത് കുന്ദർ ചൊവ്വാഴ്ചയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ 14 വർഷമായി ഷാർജ എയർപോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അൽവിൻ പ്രകാശ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അദ്ദേഹം അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്. ഭാര്യ ടിന കുന്ദർ ഷാർജയിലെ ഒരു സ്കൂളിൽ അധ്യാപികയാണ്. ഇവരുടെ മകൻ അവിടെ പത്താം ക്ലാസിൽ പഠിക്കുകയാണ്.
ജൂലൈ 20-ന് അനിൽ തന്റെ സഹോദരൻ അൽവിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പകരം "താൻ സുരക്ഷിതനാണ്" എന്നൊരു സന്ദേശം മാത്രമാണ് ലഭിച്ചത്. പതിവില്ലാത്ത വിധത്തിലുള്ള ഈ സന്ദേശത്തിൽ സംശയം തോന്നിയ സഹോദരൻ പിന്നീട് ഷാർജയിലുള്ള അൽവിന്റെ സുഹൃത്തിനെ വിവരം അന്വേഷിക്കാൻ ഏർപ്പാടാക്കുകയായിരുന്നു. അൽവിന്റെ ഫ്ലാറ്റിൽ അന്വേഷിച്ചെത്തിയ സുഹൃത്തിനോട്, അൽവിൻ ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് വാച്ച്മാനും കമ്പനി എച്ച്.ആർ വിഭാഗവും ആദ്യം പറഞ്ഞത്. എന്നാൽ പാസ്പോർട്ട് രേഖകൾ പരിശോധിച്ചപ്പോൾ അദ്ദേഹം യുഎഇ വിട്ടുപോയിട്ടില്ലെന്ന് വ്യക്തമാവുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.
ഒമാൻ അതിർത്തിയിലേക്കുള്ള പാതയിൽ നിർത്തിയിട്ടിരുന്ന ഒരു കാറിനുള്ളിൽ നിന്ന് രണ്ട് ബാഗുകളിലായി 9 കഷ്ണങ്ങളാക്കി വെച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അൽവിന്റെ ഭാര്യയെയും മകനെയും കുറിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. അവർ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.
അതേസമയം, കൊലപാതകത്തിന് ശേഷം അൽവിന്റെ ഭാര്യയെയും മകനെയും കാണാനില്ലെന്നും, കെട്ടിടത്തിൽ നിന്ന് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും കൊല്ലപ്പെട്ട അൽവിന്റെ സഹോദരൻ അനിൽ പറഞ്ഞിട്ടുണ്ട്. ഭാര്യ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടെങ്കിൽ ഭർത്താവിന് എന്ത് സംഭവിച്ചുവെന്ന് അവർക്ക് അറിയാമായിരിക്കുമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഷാർജ പോലീസിന്റെ ഔദ്യോഗിക അന്വേഷണ റിപ്പോർട്ടും വിശദാംശങ്ങളും വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.







Comments