
സാവോപോളോ: ബ്രസീലില് 16 പേരുടെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്ന പരമ്പരകൊലയാളിയെ പിടികൂടി. 33-കാരനായ ജോര്ലാന് ലോപ്പസ് ഡി സില്വ എന്നയാളാണ് ദീര്ഘനാളത്തെ പോലീസിന്റെ തെരച്ചിലില് കഴിഞ്ഞയാഴ്ച പിടികൂടപ്പെട്ടത്. പിടിയില് അകപ്പെടാതിരിക്കാന് കാടിനുള്ളില് പെണ്വേഷം കെട്ടി ഒളിച്ചു താമസിച്ചുവരുന്നതിനിടയിലാണ് പിടിയിലായത്.
മെലിഞ്ഞ ശരീരപ്രകൃതി കാരണം നാട്ടുകാര് ഇയാളെ 'കൊതുക്' എന്നാണ് വിളിച്ചിരുന്നതെന്നും അറസ്റ്റിന് നേതൃത്വം നല്കിയ പോലീസ് ഇന്വെസ്റ്റിഗേറ്റര് തിങ്കളാഴ്ച വ്യക്തമാക്കി. സെപ്റ്റംബര് 13-ന് രണ്ടു ദിവസം തെരച്ചില് നടത്തിയാണ് പോലീസ് ഇയാളെ പൊക്കിയത്. പ്രതി തനിയെ ഉണ്ടാക്കിയ താല്ക്കാലിക താവളങ്ങളിലായിരുന്നു താമസിച്ചു വന്നിരുന്നത്. വെളുത്ത വരകളുള്ള കറുത്ത വസ്ത്രവും വിഗ്ഗും ധരിച്ച്, നഖങ്ങളില് പെയ്ന്റ് ചെയ്ത നിലയിലാണ് ഡി സില്വ പിടിയിലായത്.
തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കുഞ്ഞിനെയും ഇയാള് കൈയില് കരുതിയിരുന്നു. എന്നാല് ഈ കുട്ടിയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് അധികൃതര് പുറത്തുവിട്ടിട്ടില്ല. പൊതുസ്ഥലത്തുവെച്ച് 18 വയസ്സുള്ള ഒരു യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയതോടെയാണ് ഡി സില്വയ്ക്ക് മറ്റു കുറ്റകൃത്യങ്ങളുമായുള്ള ബന്ധം പോലീസിന് മനസ്സിലായത്. ബ്രസീലിന്റെ വടക്കുകിഴക്കന് സംസ്ഥാനമായ പാരൈബയിലെ മുലുങ്കു എന്ന ഒറ്റപ്പെട്ട പ്രദേശത്താണ് ഡി സില്വയുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില് ഭൂരിഭാഗവും കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്നത്.
പ്രോസിക്യൂഷന് നടപടികള് കൃത്യമായി പൂര്ത്തിയാക്കുന്നതിനായി കൊല്ലപ്പെട്ടവരുടെ വിവരങ്ങളും മരണത്തിന്റെ വിശദാംശങ്ങളും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കുറ്റവാളികളെ മാത്രമേ താന് ആക്രമിച്ചിട്ടുള്ളൂവെന്ന് ഈ പരമ്പരക്കൊലയാളി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇതുവരെ ലഭിച്ച തെളിവുകള് അങ്ങനെയല്ല വ്യക്തമാക്കുന്നതെന്ന് ഇന്വെസ്റ്റിഗേറ്റര് പറഞ്ഞു.
ഈ മേഖലയില് ഡസന് കണക്കിന് ആളുകളെ കൊലപ്പെടുത്തിയ ഒരു കുറ്റവാളി സംഘത്തിലെ അംഗമാണ് ഡി സില്വയെന്നാണ് പോലീസ് അന്ന് അറിയിച്ചിരുന്നത്. എന്നാല് പ്രാദേശിക സംഘങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇയാള് നിഷേധിക്കുകയും, അറസ്റ്റിലായപ്പോള് താന് ഒരു 'വ്യക്തിഗത യുദ്ധത്തിലായിരുന്നു' എന്ന് അന്വേഷകര്ക്ക് മൊഴി നല്കുകയും ചെയ്തു. അടുത്തിടെ കൊലപാതകങ്ങള് നടന്ന മുലുങ്കു പ്രദേശം റിയോ ഡി ജനീറോയില് നിന്ന് ഏകദേശം 2,500 കിലോമീറ്റര് വടക്കായാണ് സ്ഥിതി ചെയ്യുന്നത്.







Comments