
ഗാസിയാബാദിലെ ഒരു ഹൗസിങ് സൊസൈറ്റിയിലെ ലിഫ്റ്റിനുള്ളിൽ യുവാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ദിരാപുരത്തെ അഹിംസ ഖണ്ഡ്-1ലെ ഷിപ്ര കൃഷ്ണ വിസ്ത സൊസൈറ്റിയിലെ എഫ്-2 ടവറിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ലിഫ്റ്റിൽ സ്ഥിരമായി ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് താമസക്കാർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ദുർഗന്ധം രൂക്ഷമായതോടെ റസിഡന്റ്സ് വെൽഫെയർ അസോസിയേഷനും മെയിന്റനൻസ് ജീവനക്കാർക്കും നിരവധി പരാതികൾ ലഭിച്ചു. തുടർന്ന് സുരക്ഷാ ജീവനക്കാർ ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് തിരിച്ചറിയപ്പെടാത്ത ഒരാൾ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.
ലിഫ്റ്റ് പല നിലകളിൽ നിർത്തുകയും വാതിലുകൾ തുറക്കുകയും ചെയ്തിട്ടും ഇയാൾ തന്റെ പ്രവൃത്തി തുടരുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നീട് യാതൊരു പ്രതികരണവുമില്ലാതെ ഇയാൾ ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം പുറത്തുവന്നതോടെ സൊസൈറ്റിയിലെ താമസക്കാർ രോഷം പ്രകടിപ്പിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. എന്നാൽ ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങൾ സൊസൈറ്റി അധികൃതരോ പൊലീസോ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടോയെന്നും തുടർനടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമല്ല. വൈറലായ വീഡിയോയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.







Comments