
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങില് മക്കളായ യാത്രയ്ക്കും ലിംഗയ്ക്കുമൊപ്പമെത്തി നടന് ധനുഷ്. ചടങ്ങില് നിന്നുളള മനോഹരമായ ചിത്രങ്ങള് താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മക്കള് തന്നെക്കാള് ശ്രദ്ധിക്കപ്പെടുന്നതില് തനിക്ക് യാതൊരു വിഷമവുമില്ലെന്നും തന്റെ ഈ വിജയം മുഴുവന് ആരാധകര്ക്കായി സമര്പ്പിക്കുന്നുവെന്നും താരം കുറിച്ചു.
ചടങ്ങില് യാത്രയും ലിംഗയും ഫോര്മല് വസ്ത്രങ്ങളിലെത്തിയപ്പോള് ലളിതമായ ഒരു ഷര്ട്ടും മുണ്ടും ചെരുപ്പുമായിരുന്നു ധനുഷിന്റെ ലളിതമായ വേഷം. "നിങ്ങളുടെ തിളക്കം ആരെങ്കിലും കവര്ന്നെടുക്കുമ്പോള് നിങ്ങള്ക്കതില് വിഷമമില്ലാതിരിക്കുമ്പോള്.. പിന്നെ ഞാന് എപ്പോഴും പറയാറുളളതുപോലെ, നിറഞ്ഞ കൃതജ്ഞതയോടെ.. ഇത് എന്റെ ആരാധകര്ക്കായി.. എന്റെ ശക്തിയുടെ തൂണുകള്" എന്നാണ് ചിത്രങ്ങള്ക്കൊപ്പം നടന് കുറിച്ചത്. നടി കൃതി സനോണ്, കജോള് എന്നിവരുള്പ്പെടെ നിരവധിപ്പേര് പോസ്റ്റിനു താഴെ ആശംസകളുമായെത്തിയിട്ടുണ്ട്.
ഈ വര്ഷത്തെ ദേശീയ പുരസ്കാരത്തില് രണ്ട് പ്രധാന അംഗീകാരങ്ങളാണ് ധനുഷിനെ തേടിയെത്തിയത്. അദ്ദേഹം സംവിധാനം ചെയ്ത 'റായന്' മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനെന്ന നിലയിലുള്ള ധനുഷിന്റെ ആദ്യ ദേശീയ പുരസ്കാരമാണിത്. ഇതിനുപുറമേ, 'ക്യാപ്റ്റന് മില്ലര്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനും ധനുഷിന് പ്രത്യേക പരാമര്ശം ലഭിക്കുകയുണ്ടായി.
ഇതോടെ തന്റെ കരിയറില് ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് ധനുഷ് സ്വന്തമാക്കിയിരിക്കുന്നത്. 2011-ല് നടന്ന 58-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില് 'ആടുകളം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അദ്ദേഹത്തിന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. തുടര്ന്ന് 2021-ല് നടന്ന 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില് 'അസുരന്' എന്ന ചിത്രത്തിലെ അഭിനയത്തിനും അദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
അഭിനയത്തിന് പുറമെ നിര്മ്മാതാവ് എന്ന നിലയിലും ദേശീയ പുരസ്കാരങ്ങള് അദ്ദേഹം നേടിയിട്ടുണ്ട്; 2015-ലെ 62-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില് 'കാക്ക മുട്ടൈ' എന്ന ചിത്രത്തിലൂടെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്കാരവും, 2016-ല് 63-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില് 'വിസാരണൈ' എന്ന ചിത്രത്തിലൂടെ മികച്ച തമിഴ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരവുമാണ് അദ്ദേഹം സ്വന്തമാക്കിയത്.







Comments