
മലയാളത്തിന്റെ മഹാനടന് മധുവിന് ഇന്ന് 93-ാം പിറന്നാള്.നടന് മമ്മൂട്ടി അടക്കം നിരവധി താരങ്ങള് നടന് പിറന്നാള് ആശംസകള് നേര്ന്നിട്ടുണ്ട്. ‘എന്റെ സൂപ്പര്സ്റ്റാറിന് പിറന്നാള് ആശംസകള് ’എന്നാണ് മമ്മൂട്ടി സോഷ്യല് മീഡിയയില് എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.
തിരുവനന്തപുരം ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായി 1933 സെപ്റ്റംബർ 23-നാണ് മധു ജനിച്ചത്. 1959-ൽ പുറത്തിറങ്ങിയ 'നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് അഞ്ഞൂറിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടു.
അഭിനയജീവിതത്തിൽ വലിയൊരു വഴിത്തിരിവായത് 'ചെമ്മീൻ' എന്ന ചിത്രമായിരുന്നു. ഇതിനുശേഷം 'ഭാർഗവീ നിലയം', 'അദ്ധ്യാപിക', 'മുറപ്പെണ്ണ്', 'ഓളവും തീരവും', 'അശ്വമേഥം', 'തുലാഭാരം', 'ആഭിജാത്യം', 'സ്വയംവരം', 'ഉമ്മാച്ചു', 'തീക്കനൽ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിലെ മുന്നിര നടനായി മാറി.
അഭിനേതാവ് എന്നതിലുപരി സംവിധായകനായും നിർമ്മാതാവായും അദ്ദേഹം ചലച്ചിത്രരംഗത്ത് മുദ്രപതിപ്പിച്ചു. 1970-ൽ പുറത്തിറങ്ങിയ 'പ്രിയ'യാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം 'മാന്യശ്രീ വിശ്വാമിത്രൻ', 'സംരംഭം' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.







Comments