
പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനെ ട്രാക്ടർ ഇടിച്ചുവീഴ്ത്താൻ ശ്രമം, പിന്നാലെ ബൈക്ക് തകർത്തു. രാജസ്ഥാനിലെ പിങ്കുൻ ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സെപ്റ്റംബർ 20 ന് വൈകിട്ട് 4.35-ഓടെയായിരുന്നു സംഭവം.
ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രാക്ടർ ഓടിച്ചെത്തിയ ഷൈതാൻ ഗുർജർ ബൈക്ക് യാത്രക്കാരനായ സുരേഷ് ഗുർജറിനെ ലക്ഷ്യമിട്ട് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ട്രാക്ടർ തന്റെ നേർക്ക് വരുന്നത് കണ്ട് സുരേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ട്രാക്ടർ ബൈക്കിൽ ഇടിക്കുകയും കുറച്ചുദൂരം വലിച്ചുകൊണ്ടുപോകുകയും ചെയ്തു.
തുടർന്ന് ട്രാക്ടർ ബൈക്കിന് മുകളിലൂടെ കയറിയിറങ്ങിയതോടെ വാഹനം കാര്യമായി തകർന്നു. സംഭവത്തിൽ സുരേഷിന് പരിക്കേറ്റതായി റിപ്പോർട്ടില്ല. എന്നാൽ ബൈക്കിന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സംഭവത്തിന്റെ തീവ്രത വ്യക്തമാക്കുന്നത്.
സംഭവത്തിന് പിന്നാലെ സുരേഷ് നരൈന പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ പണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. രണ്ടോ മൂന്നോ ദിവസം മുമ്പ് ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായും പോലീസ് പറയുന്നു. ഷൈതാൻ ഗുർജറിനെ കസ്റ്റഡിയിലെടുത്ത് സംഭവത്തിൽ വിശദമായി ചോദ്യം ചെയ്യുകയാണ്.







Comments