
ടെക്സസ്: അതെ,'ലിൻലി ഹോപ്പ്' എന്ന അമേരിക്കൻ ‘വാവ’ രണ്ട് തവണയാണ് ജനിച്ചത്. ഒന്ന് അവളുടെ ജീവൻ നിലനിർത്താൻ വേണ്ടിയുള്ള സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വേണ്ടിയും മറ്റൊന്ന് നമ്മെ പോലെ സാധാരണ ജനനവും!
അമേരിക്കയിൽ 2016-ൽ നടന്ന സംഭവമാണിത്. ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ലിന്റെ താഴെയറ്റത്ത് ഉണ്ടായ 'സാക്രോകൊക്സിജിയൽ ടെറാടോമ' എന്ന അപൂർവ്വ മുഴയെ തുടർന്ന്, 16 ആഴ്ച ഗർഭിണിയായിരുന്ന ടെക്സാസ് സ്വദേശി മാർഗരറ്റ് ബോമറുടെ ഗർഭപാത്രം തുറന്ന് കുഞ്ഞിനെ 20 മിനിറ്റോളം പുറത്തെടുത്ത് ശസ്ത്രക്രിയ നടത്തി. ഭ്രൂണത്തിലേക്ക് പോകേണ്ട രക്തം മുഴ തടസ്സപ്പെടുത്തുകയും കുഞ്ഞിന് ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തതിനാലാണ് ഈ അപൂർവ്വ നടപടി സ്വീകരിച്ചത്.
ഇരട്ടക്കുട്ടികളിൽ ഒരാളെ നേരത്തെ നഷ്ടപ്പെട്ട മാർഗരറ്റിന് ഈ വാർത്ത വലിയ ആഘാതമായിരുന്നുവെങ്കിലും, ഗർഭധാരണം നിർത്താനുള്ള ഉപദേശങ്ങൾ തള്ളിക്കളഞ്ഞ് അവർ ടെക്സാസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സ്പെഷ്യലൈസ്ഡ് സർജിക്കൽ ടീമിനെ സമീപിക്കുകയും കുഞ്ഞിന് ജീവൻ നൽകാൻ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ, ഗർഭധാരണം 23 ആഴ്ചയായപ്പോൾ മുഴ കാരണം കുഞ്ഞിന്റെ ഹൃദയം നിലയ്ക്കാറായ അവസ്ഥയിലായി. തുടർന്ന് ഡോക്ടർമാർ വലിയൊരു മുറിവുണ്ടാക്കി കുഞ്ഞിന്റെ ശരീരത്തിന്റെ പകുതി ഭാഗം പുറത്തെടുക്കുകയും, മറുപിള്ളയുടെ ബന്ധം വിടാതെ 500 ഗ്രാമിൽ താഴെ മാത്രം ഭാരമുള്ള ആ കുഞ്ഞിന് തുറന്ന അന്തരീക്ഷത്തിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന്റെ ഹൃദയം നിലച്ചെങ്കിലും വിദഗ്ദ്ധരുടെ ഇടപെടലിലൂടെ അവളെ ജീവനോടെ നിലനിർത്തി. മുഴ വിജയകരമായി നീക്കം ചെയ്ത ശേഷം ഡോക്ടർമാർ കുഞ്ഞിനെ തിരികെ ഗർഭപാത്രത്തിലേക്ക് വെക്കുകയും ഗർഭപാത്രം തുന്നിപ്പൂട്ടിയ ശേഷം അമ്മയെ കർശനമായ ബെഡ് റെസ്റ്റിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തുടർന്ന് ഏകദേശം മുപ്പത്തിയാറാം ആഴ്ചയിൽ സിസേറിയനിലൂടെ കുഞ്ഞ് രണ്ടാമതും ആരോഗ്യത്തോടെ ജനിച്ചു! 'ലിൻലി ഹോപ്പ്' എന്ന് പേരിട്ട ആ അത്ഭുത ശിശുവിന്റെ ശരീരത്തിൽ ബാക്കിയുണ്ടായിരുന്ന ചെറിയ ടിഷ്യൂകൾ പിന്നീട് മറ്റൊരു ചെറിയ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി നീക്കം ചെയ്യുകയും ചെയ്തു.







Comments