
തൃശൂർ: സതീശൻ സർക്കാർ ഇഡിയ്ക്കൊപ്പം നിൽക്കുകയാണെന്നും ബിജെപി വളരുകയും എൽഡിഎഫ് ദുർബലപ്പെടുകയും ചെയ്താൽ രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന ചിന്തയിലാണ് സർക്കാരെന്നും തോമസ് ഐസക്. മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നു. ആഭ്യന്തര മന്ത്രി അമേരിക്കയിലേക്ക് പോകുന്നു. ഇതിന്റെ ചെലവ് വഹിച്ചത് ആരാണെന്നും ആരെല്ലാമാണ് സ്പോൺസർ ചെയ്തതെന്നും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം യാത്രകൾക്ക് അനുമതി നൽകിയത് എങ്ങനെയെന്നും പരിശോധിക്കണം. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തോമസ് ഐസക് പറഞ്ഞു.
പിണറായി വിജയനെതിരായ ഇഡി കേസിൽ സർക്കാരിന് വിവേചനാധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഡീൽ നടക്കുകയാണെന്നും ബിജെപി വളർന്നാലും എൽഡിഎഫ് ക്ഷയിച്ചാൽ മതിയെന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടെന്നും തോമസ് ഐസക് ആരോപിച്ചു.
സങ്കുചിതമായ രാഷ്ട്രീയ സമീപനമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ലോക കേരളസഭ പിരിച്ചുവിടുമെന്ന സതീശന്റെ പ്രസ്താവനയിലും തോമസ് ഐസക് പ്രതികരിച്ചു. എന്ത് ധൂർത്താണ് നടക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നതെന്നും രണ്ട് കോടി രൂപയുടെ ചെലവ് വലിയ ധൂർത്തായി പെരുപ്പിച്ച് കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോൾ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടാകാം. അതിന്റെ പേരിൽ നല്ല കാര്യങ്ങൾ എങ്ങനെയാണ് ഇല്ലാതാക്കാനാകുകയെന്നും തോമസ് ഐസക് ചോദിച്ചു.







Comments