
പ്രതിപക്ഷത്തിരുന്നപ്പോഴത്തെ ജനാധിപത്യമര്യാദകൾ നമ്മുടെ സർക്കാർ മറന്നുപോയോ. ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിനെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ധാർഷ്ട്യത്തോടെ നടത്തിയ പ്രതികരണം ജനാധിപത്യ ചുറ്റുപാടിൽ അംഗീകരിക്കത്തക്കതാണോ? വിമാനം പരിചയക്കാരൻ അറേഞ്ചു ചെയ്തു തന്നു എന്ന് പറയുന്ന മുഖ്യമന്ത്രി അത് ആരെന്ന് വെളിപ്പെടുത്താൻ മടിക്കുന്നു. എന്നുമാത്രമല്ല, അത് ചോദിക്കുന്ന മാധ്യമങ്ങൾക്ക് നാണമുണ്ടോ എന്ന ചോദ്യവും കൂടിയായപ്പോൾ ധാർഷ്ട്യം പൂർണമായി .
പ്രതിപക്ഷത്തിരുന്ന് കഴിഞ്ഞ മുഖ്യമന്ത്രിയെ ധാർഷ്ട്യക്കാരൻ എന്ന് വിമർശിച്ച യുഡിഎഫ് ആണ് ഇന്ന് ഭരിക്കുന്നത്. കോടിയേരിയുടെ മിനി കൂപ്പർ യാത്രയെ വിമർശിച്ച ആ ജനാധിപത്യ ബോധം ഇപ്പോൾ കൈമോശം വന്നിരിക്കുന്നു. കോഴിക്കോട് കൊടുവള്ളിയിൽ നടന്ന സിപിഎം ജനജാഗ്രതാ യാത്രക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള മിനി കൂപ്പർ കാറിൽ സഞ്ചരിച്ചത് വലിയ വിവാദമായി ഉയർത്തിക്കാട്ടിയിരുന്നു.
കോടിയേരി ബാലകൃഷ്ണൻ ജനജാഗ്രതാ യാത്രയ്ക്കായിരുന്നു പോയത്. അത് പ്രാദേശിക നേതൃത്വം ക്രമീകരിച്ച വാഹനമായിരുന്നു എന്നും അത് സ്വർണക്കടത്തുകാരന്റെ വാഹനമാണെന്ന് അറിയില്ലായിരുന്നു എന്നും കോടിയേരി പിന്നീട് പ്രതികരിച്ചു. എന്നാൽ ഇപ്പോഴോ, ആരാണ് വിമാനം അറേഞ്ച് ചെയ്തത് എന്ന് എന്തിനു പറയണം എന്ന ധാർഷ്ട്യമാണ് മുഖ്യമന്ത്രിയിൽ കാണാൻ കഴിയുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും യാത്രകളെ രൂക്ഷമായി വിമർശിച്ചയാളാണ് വി ഡി സതീശൻ എന്ന് ഓർക്കണം. അന്ന് ആ വിദേശ യാത്രകളെ കുറിച്ച് മാധ്യമങ്ങളിൽ നിന്ന് മാത്രമാണ് അറിയുന്നത് എന്നും അക്കാര്യം അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ട് എന്നുമായിരുന്നു നിലപാട്. എന്നാൽ ഇന്ന് ആറോളം മന്ത്രിമാർ വിദേശയാത്ര നടത്തുന്നു. ഒരേസമയം ഇവർ പോയത് സംസ്ഥാനത്തിന് എന്ത് നേടിത്തരാനാണ് എന്ന് പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. വിദേശയാത്രയ്ക്ക് താൻ ആശീർവദിച്ചാണ് മന്ത്രിമാരെ അയച്ചതെന്ന് ഗർവോടെയാണ് മുഖ്യമന്ത്രി പറയുന്നത്. ജനങ്ങൾക്ക് അറിയാനുള്ള അവകാശം ഉണ്ടെന്നു പറഞ്ഞ ആൾ തന്നെ ചോദ്യവുമായെത്തിയ മാധ്യമങ്ങളോട് ‘ നിങ്ങൾക്ക് ലജ്ജയില്ലേ’ എന്ന മറുചോദ്യം ഉയർത്തുന്നത് വിരോധാഭാസമാണെന്നേ പറയാനാകൂ.
വിഷയത്തിൽ ജോൺ ബ്രിട്ടാസ് എം പി നടത്തിയ പ്രതികരണം മനോഹരവും യുക്തിസഹജവുമായിരുന്നു. ഈ ലോകത്തിൽ ഒന്നും സൗജന്യമല്ല, അതിനു പിന്നിൽ ഒരു ചരട് ഉണ്ടായിരിക്കും. അത് ശരിയല്ലേ സർക്കാരിന്റെ പണം ചിലവാക്കുന്നില്ല എന്ന് കരുതി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആരുടെയും സൗജന്യം സ്വീകരിക്കാമോ? അത്തരം സൗജന്യങ്ങൾക്ക് പിന്നിൽ ലാഭേച്ഛ ഉണ്ടായിരിക്കില്ലേ? അങ്ങനെയല്ലെങ്കിൽ, സൗജന്യം നൽകിയ ആളുടെ പേര് പുറത്തുപറയൂ. ജനാധിപത്യം പോരേ, സ്പോൺസേർഡ് സർക്കാർ’ ലേബൽ പറിച്ചുകളഞ്ഞുകൂടേ? ചിരി നല്ലതാണ് പക്ഷേ പരിഹാരമല്ല എന്നുകൂടി മുഖ്യമന്ത്രി മനസ്സിലാക്കട്ടെ.







Comments