
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ അതിസമ്പന്നരുടെ കളിപ്പാവയായി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പേരുവെളിപ്പെടുത്താൻ കഴിയാത്ത സാമ്പത്തിക ശക്തികളുടെ കൈയിലെ കളിപ്പാവയാണ് സർക്കാർ. മുഖ്യമന്ത്രി ഉപയോഗിക്കുന്ന വിമാനവും ഹെലികോപ്ടറും അജ്ഞാത സാമ്പത്തിക ശക്തികളാണ് സ്പോൺസർ ചെയ്യുന്നതെന്നും ബിനോയ് വിശ്വം വിമർശിച്ചു.
ഇത്തരം പ്രവൃത്തികളെ തന്റെ തൊപ്പിയിലെ തൂവലായി മുഖ്യമന്ത്രി വിശേഷിപ്പിക്കുമ്പോൾ പ്രബുദ്ധ കേരളം നാണിച്ചുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, ചാർട്ടേഡ് വിമാന യാത്രയെയും മന്ത്രിമാരുടെ സ്പോൺസേർഡ് വിദേശ യാത്രയെയും മുഖ്യമന്ത്രി വി ഡി സതീശൻ ന്യായീകരിച്ചു. സുഹൃത്തുക്കൾ സഹായം നൽകിയാൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച മുഖ്യമന്ത്രി, ഖജനാവിന് ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. മലപ്പുറം യാത്ര സ്പോൺസർ ചെയ്തത് മലയാളിയാണെന്ന് പറഞ്ഞെങ്കിലും പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പ്രതിപക്ഷവും വിമർശനവുമായി രംഗത്തെത്തി. സ്പോൺസർമാർ ആരാണെന്ന് പറയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി എം തോമസ് ഐസക് പറഞ്ഞു. സർക്കാരിനുവേണ്ടി മറ്റൊരു കമ്പനി പണം അടച്ചത് അഴിമതിക്കുറ്റമാണെന്ന് പി രാജീവ് പ്രതികരിച്ചു. സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താത്തതിൽ ദുരൂഹതയുണ്ടെന്ന് എം വി ജയരാജനും വിമർശിച്ചു.







Comments