
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി സ്വകാര്യ സ്ഥാപനമായ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ധാരണ. യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. വൈകിട്ട് ആറ് മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്താകും വൈദ്യുതി ലഭിക്കുക. ഈ മാസം മുതൽ ഒക്ടോബർ 31 വരെയാണ് വൈദ്യുതി ലഭിക്കുക.
സംസ്ഥാനത്ത് ഇന്നലെയും രണ്ടിലധികം തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം ഇതുവരെ മൂന്ന് ദിവസം മാത്രമാണ് നിയന്ത്രണം ഒഴിവാക്കാനായത്. പവർ എക്സ്ചേഞ്ചിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മഴ ലഭിച്ചിട്ടും ഉപഭോഗത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിനടുത്തെത്തുന്നുണ്ട്.
പ്രതിദിന വൈദ്യുതി ഉപയോഗം 90 ദശലക്ഷത്തിന് മുകളിലാണ്. സംസ്ഥാനത്ത് 800 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്. കൈമാറ്റ കരാറിലൂടെയും ദീർഘകാല കരാറിലൂടെയും ലഭിക്കേണ്ട വൈദ്യുതിയും കഴിഞ്ഞ ദിവസവും കേരളത്തിന് ലഭിച്ചില്ല. ഗ്രിഡ് ഫ്രീക്വൻസിയിലെ കുറവും തിരിച്ചടിയായി.
രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയർന്നതും കേരളത്തിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.







Comments