
ബോളിവുഡിന്റെ ചാം ഹീറോയായ വിവേക് ഒബ്റോയി മലയാള സിനിമാപ്രേക്ഷകരെ സംബന്ധിച്ച് ചുള്ളന് വില്ലനാണ്. ബോളിവുഡില് തിളങ്ങി നില്ക്കുന്ന താരം മലയാള സിനിമാപ്രേക്ഷകര്ക്കും ഏറെയിഷ്ടമുള്ള താരമാണ്. വെള്ളിത്തിരയിലെ ഹീറോ വ്യക്തിജീവിതത്തിലും പല സാധാരണക്കാര്ക്കും ഹീറോ തന്നെയാണ്. വർഷങ്ങളായി, കാൻസർ ബാധിതരായ നിരവധി കുട്ടികളെ വിവേക് ഒബ്റോയി ദത്തെടുക്കുകയും അവരുടെ ചികിത്സയും വിദ്യാഭ്യാസവും ഏറ്റെടുത്ത് സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. വിവേക് ഒബ്റോയിക്കും ഭാര്യ പ്രിയങ്ക അൽവയ്ക്കും വിവാൻ വീർ ഒബ്റോയി , അമേയ നിർവാണ ഒബ്റോയി എന്നീ രണ്ടുമക്കളാണുള്ളത്. എന്നാല് പല കുട്ടികളുടെയും ദത്തു പിതാവാണ് കൂടിയാണ് വിവേക് ഒബ്റോയ്.
ഇപ്പോഴിതാ അക്കൂട്ടത്തില് താന് കൈപിടിച്ചുയർത്തിയ ഒരു പെണ്കുട്ടി ഇന്ന് കാൻസറിനെ അതിജീവിച്ച് കൊമേഴ്സ്യല് പൈലറ്റായും സിനിമയിലെ നായികയായും വളർന്നു വന്നിരിക്കുന്നത് കണ്ട് വികാരഭരിതനാകുകയാണ് വിവേക് ഒബ്റോയ്. രണ്ടര വയസ്സില് കാൻസറിനോട് മല്ലിടുന്ന സമയത്താണ് സഹാറ ഷാ എന്ന പെണ്കുട്ടിയെ വിവേക് ഒബ്റോയ് ദത്തെടുത്തത്. തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച വളർത്തച്ഛന്റെ സാന്നിധ്യത്തില് അതേ പെണ്കുട്ടി തന്റെ ആദ്യ സിനിമയുടെ കരാറില് ഒപ്പുവെച്ചപ്പോള് വിവേക് ഒബ്റോയിക്ക് കണ്ണീരടക്കാനായില്ല.
‘‘അഭിമാനത്താല് എന്റെ കണ്ണ് നിറയുകയാണ്. കീമോതെറാപ്പിയുടെ വേദനയില് വിളറിയ മുഖത്തോടെ എന്റെ വിരലില് മുറുകെപ്പിടിച്ച ആ രണ്ടര വയസ്സുകാരിയെ ഇന്നും ഞാൻ ഓർക്കുന്നു. അവള് അന്നേ ഒരു പോരാളിയായിരുന്നു, അവള് ഈ യുദ്ധം ജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ഇന്ന് കാൻസറിനെ തോല്പ്പിച്ച് സ്വന്തം അധ്വാനം കൊണ്ട് അവള് ഉയരങ്ങള് കീഴടക്കുമ്പോള് അതിയായ അഭിമാനമുണ്ട്...’’ മകളെ നെഞ്ചോട് ചേർത്തുപിടിച്ച് വിവേക് പറഞ്ഞു. മുംബൈയില് നടന്ന സിആർപിഎ കാൻസർ റോസ് ഡേ ചടങ്ങില് വെച്ച്, മകളുടെ അവിശ്വസനീയമായ നേട്ടങ്ങള് കണ്ട് വേദിയില് വെച്ച് പൊട്ടിക്കരഞ്ഞ വിവേക്, ‘ജീവിതത്തില് വിജയിക്കുമ്പോഴും വിനയം കൈവിടരുതെന്നും മറ്റുള്ളവരുടെ വഴികള് തെളിക്കാൻ തുണയാകണ’മെന്നും ഉപദേശിച്ചു.
സഹാറയ്ക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് വിവേക് അവളെ ദത്തെടുത്തത്. ചികിത്സയ്ക്ക് സാമ്പത്തിക ശേഷിയില്ലാത്ത നിർധനരായ കാൻസർ രോഗികള്ക്ക് തുണയാകുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ലാഭരഹിത സംഘടനകളിലൊന്നായ മുംബൈയിലെ ‘കാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷന്റെ സഹായത്തോടെ സഹാറയുടെ വിദഗ്ദ്ധ ചികിത്സയും തുടർവിദ്യാഭ്യാസവും പൂർണ്ണമായും വിവേക് ഏറ്റെടുത്തു.
22 വയസ്സുള്ള സഹാറ ഇന്ന് കാൻസറിനെ പൂർണ്ണമായി പരാജയപ്പെടുത്തുക മാത്രമല്ല ഏവിയേഷൻ പഠനം വിജയകരമായി പൂർത്തിയാക്കി കൊമേഴ്സ്യല് പൈലറ്റായി സേവനമനുഷ്ഠിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. അതിനൊപ്പം തന്നെ വളർത്തച്ഛന്റെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്കും ചുവടുവയ്ക്കുകയാണ് സഹാറ. ഒരു നേപ്പാളി ചിത്രത്തില് നായികയായി കരാർ ഒപ്പിടുന്നതിന് മുൻപ് വേദിയില് വെച്ച് വിവേകിന്റെ അനുഗ്രഹം വാങ്ങാനായി സഹാറ എത്തുകയും ചെയ്തു.
‘‘ഞാൻ ഏവിയേഷൻ പരിശീലനം പൂർത്തിയാക്കി, ഉടൻ തന്നെ ഒരു കൊമേഴ്സ്യല് പൈലറ്റായി പറന്നുയരും. ഒരു നേപ്പാളി ചിത്രത്തില് നായികയാകാനുള്ള അവസരം ലഭിച്ചപ്പോള് ആദ്യം ദാദയുടെ അനുഗ്രഹം വാങ്ങണമെന്ന് തോന്നി. എനിക്കും എന്റെ അമ്മയ്ക്കും വലിയ സ്വപ്നങ്ങള് കാണാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്. അച്ഛനില്ലാത്ത കുറവറിയിക്കാതെ എല്ലാ ഘട്ടത്തിലും കൂടെനിന്നത് ദാദയാണ്...
അഭിനയം, നൃത്തം, അല്ലെങ്കിൽ ഞാൻ ആഗ്രഹിച്ച മറ്റെന്തും - ഇവയിലെല്ലാം നിങ്ങൾ എപ്പോഴും എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്. എനിക്കും അമ്മയ്ക്കും വേണ്ടി വലിയ സ്വപ്നങ്ങൾ കാണാനുള്ള ആത്മവിശ്വാസം അത് എനിക്ക് നൽകി. വളരെ സാധാരണമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് ഞങ്ങൾ വരുന്നത്. അതുകൊണ്ട് തന്നെ ഇതെല്ലാം ഒരു വലിയ സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. ദാദാ, നിങ്ങൾ കാരണമാണ് ഇതെല്ലാം സാധ്യമായത്. നിങ്ങൾക്ക് ഇത് സമ്മാനിക്കുന്നത് വളരെ ചെറിയൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്. കാരണം എനിക്കായി നിങ്ങൾ ചെയ്ത കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒന്നുമല്ല. നിങ്ങൾ കാരണമാണ് ഇതെല്ലാം സാധ്യമായത്. നിങ്ങളോട് എനിക്ക് വലിയ സ്നേഹവും ആദരവുമുണ്ട്. എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്...’’വികാരനിർഭരയായി സഹാറ പറഞ്ഞു. വേദിയില് വെച്ച് വിവേകിന്റെ സാന്നിധ്യത്തില് സിനിമയുടെ കരാറില് ഒപ്പുവെക്കുകയും ഫസ്റ്റ് ലുക്ക് പോസ്റ്റർ അനാച്ഛാദനം ചെയ്യുകയും ചെയ്തു.
ഈയടുത്ത് തന്റെ ജന്മദിനത്തില് കാൻസറിനോട് പോരാടുന്ന 50 കുട്ടികളെക്കൂടി ദത്തെടുത്ത് അവരുടെ മുഴുവൻ ചികിത്സയും ഏറ്റെടുക്കുമെന്ന് മുൻപ് വിവേക് പ്രഖ്യാപിച്ചിരുന്നു.







Comments