
തെന്നിന്ത്യയുടെ ലേഡി സൂപ്പര്സ്റ്റാറെന്ന പദവി കൃത്യമായി അര്ഹിക്കുന്ന, യോജിക്കുന്ന താരമാണ് ഉര്വശി. ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരം തന്റെ പതിമൂന്നാം വയസില് തന്നെ നായിക നടിയായി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും ഉര്വശി ബിഗസ്ക്രീനില് നിറഞ്ഞു നിന്നു. കുസൃതിയോ അസൂയയോ കുശുമ്പോ പ്രണയമോ നൊമ്പരമോ വില്ലത്തരമോ... അങ്ങനെ എന്തുമാകട്ടെ, ഏതൊരു വൈകാരിക ഭാവവും തന്മയത്വത്തോടെ പ്രതിഫലിക്കാന് ഉര്വശിയോളം പോന്ന അഭിനേത്രികള് ഇല്ലെന്നു തന്നെ നിസംശയം പറയാം.
തിയേറ്റില് മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ആശ’യുടെ വിജയത്തേരിലാണ് ഉര്വശിയിപ്പോള്. താരത്തിന്റെ ഇതുവരെ കാണാത്ത അസാധ്യ അഭിനയമുഹൂർത്തങ്ങള് ഈ സിനിമയിലുടനീളമുണ്ടെന്നാണ് ആശ കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം പറയുന്നത്. സിനിമയുടെ പ്രൊമോഷന് അഭിമുഖങ്ങളുടെ തിരക്കുകളിലാണ് ഉര്വശി.
ഇപ്പോഴിതാ തമിഴ് നടന് വിജയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം വേണ്ടെന്ന് വച്ചതിനെക്കുറിച്ച് പറയുകയാണ് ഉര്വശി. വിജയ് സിനിമയിലെത്തുന്നതിന് മുമ്പ് താരത്തെ ആദ്യമായി കണ്ട ഓര്മ്മ പങ്കുവച്ചതിനൊപ്പമാണ് ‘എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ എന്ന സിനിമയിലേക്ക് ഓഫര് വന്നതിനെക്കുറിച്ചും ഉര്വശി പറഞ്ഞത്.
‘‘വിജയ് നടനാകുന്നതിന് മുമ്പ്, ഞാന് നാഗര്കോവിലില് ഒരു സിനിമയുടെ ഷൂട്ടിലായിരുന്നു. മുകളിലത്തെ ഫ്ളോറിലാണ് ഞാന് താമസിക്കുന്നത്. താഴേക്ക് വരാന് ലിഫ്റ്റിലേക്ക് പോകുമ്പോള് തമിഴ് പ്രൊഡക്ഷന് മാനേജര് വന്നു, മാഡം എസ്എസി സാര് താഴെയുണ്ട് എന്നു പറഞ്ഞു. ഭാര്യയും മകനുമുണ്ട്. നിങ്ങളെ ഒന്ന് കാണണം വരാന് പറയട്ടെ എന്ന് ചോദിച്ചു. മുറി പൂട്ടി ഇറങ്ങി, തിരിച്ചു കയറുന്ന ശീലമില്ല. അതിനാല് ഞാന് അങ്ങോട്ട് വരാമെന്ന് പറഞ്ഞു.
താഴെ എസ്എ സാർ ഇരിപ്പുണ്ട്, അടുത്ത് ശോഭാമ്മയും. നടുക്കായി കൊച്ചു മുഖമുള്ള ഒരു പയ്യനും. എനിക്ക് പെട്ടെന്ന് മനസിലായി. ഞങ്ങൾ തമ്മിൽ നാലോ അഞ്ചോ വയസിന്റെ വ്യത്യാസമേയുള്ളൂ. അന്ന് സാർ എന്നോട് പറഞ്ഞു, ‘ഉര്വശീ, നിങ്ങളുമായി വലിയ പ്രായ വ്യത്യാസമില്ല. അവന് നായകനായി എന്ന്. സൂപ്പര് എന്ന് ഞാന് പറഞ്ഞു. അതില് ഒരു കഥാപാത്രമുണ്ടെന്നും അതിന് മലയാളത്തില് നിന്നും ഒരു നടിയെ വേണമെന്നും അദ്ദേഹം പറഞ്ഞു. ബിന്ദു പണിക്കര് ചെയ്താല് നന്നാകുമെന്ന് ഞാന് പറഞ്ഞു. എന്റെ പ്രൊഡക്ഷന് മാനേജര് ബിന്ദുവിന്റെ നമ്പര് നല്കുകയും ചെയ്തു. ബിന്ദു അഭിനയിച്ചുവോ എന്നറിയില്ല. അങ്ങനെയാണ് വിജയ്യെ ആദ്യമായി കാണുന്നത്. അന്ന് ചെറുതായി ചിരിക്കുകയൊക്കെ ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് വിജയ് ചിത്രങ്ങളിൽ അമ്മ വേഷങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളും എന്നെ തേടിവന്നത്...
ആ കൂടിക്കാഴ്ചക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞ് തമിഴിൽ നിന്ന് വിജയ്യുടെ ഒട്ടേറെ സിനിമകളിലേക്ക് ക്ഷണം വന്നിരുന്നു. ‘എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആദ്യം എന്നെയും വിജയ് യെയും വച്ചാണ് പ്ലാൻ ചെയ്തിരുന്നത്. അച്ചുവിന്റെ അമ്മയിൽ ഞാനും മീര ജാസ്മിനും ചെയ്തത് പോലെയായിരുന്നു ആ സിനിമ കൺസീവ് ചെയ്തിരുന്നത്. നേരിട്ട് അമ്മയും മകനുമാണെന്ന് സിനിമയിൽ പറയില്ല, പക്ഷെ ആ ഒരു ബന്ധമായിരുന്നു. പക്ഷേ എനിക്ക് ആ റോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കാരണം അന്ന് ഞാൻ കല്യാണം കഴിഞ്ഞതേ ഉള്ളൂ, എന്റെ മകൾ ജനിച്ചിട്ടു പോലുമില്ല. ആ സമയത്ത് ഒരു മകന്റെ അമ്മയായി അഭിനയിക്കാൻ എനിക്ക് മാനസികമായി ബുദ്ധിമുട്ട് തോന്നി. അതുകൊണ്ട് ഞാൻ ആ സിനിമ വേണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ആ റോൾ പിന്നീട് നദിയ മൊയ്തുവിലേക്ക് പോയത്.
എം കുമരൻ മാത്രമല്ല, അതിന് ശേഷവും വിജയ് ചിത്രങ്ങളിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു. എന്നാൽ മലയാളത്തിലെ തിരക്ക് കാരണവും, എന്റെ കരിയറിലെ മാറ്റങ്ങൾ കാരണവുമാണ് അവ വേണ്ടെന്ന് വക്കേണ്ടി വന്നത്. പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ ലീഡ് റോളുകളിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. അമ്മ വേഷങ്ങളിലേക്ക് ധാരാളം വിളികൾ വന്നു, പക്ഷെ അന്ന് ഞാൻ കേന്ദ്ര കഥാപാത്രമായി നിൽക്കുന്ന സിനിമകളാണ് കൂടുതലും തിരഞ്ഞെടുത്തത്...’’ ഉര്വശി പറഞ്ഞു. ദ മോളിവുഡ് ഷോ ടൈം എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഉര്വശി പഴയ ഓര്മ്മകള് പങ്കുവച്ചത്.
സഫർ സനൽ സംവിധാനം ചെയ്ത ഡാർക്ക് സസ്പെൻസ് ത്രില്ലർ ചിത്രമാണ് ‘ആശ’. കൊറിയൻ ഡാർക്ക് ത്രില്ലറുകളോടും ഇന്റർനാഷണൽ ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന പ്ലോട്ടും മേക്കിങ് സ്റ്റൈലും കാരണമാണ് ഈ സിനിമയെ പുതിയ തലമുറയും ഏറ്റെടുക്കുന്നത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തില് ഉര്വശിയ്ക്കൊപ്പം ജോജു ജോര്ജും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സങ്കീർണമായ മാനസികാവസ്ഥ പേറുന്ന, പ്രവചനാതീതമായ തീരുമാനങ്ങൾ എടുക്കുന്ന ഉര്വശിയുടെ ‘ആശ’യെ നിറഞ്ഞ കൈയടിയോടെ ഏറ്റെടുക്കുകയാണ് ആരാധകര്.







Comments