
തിരുവനന്തപുരം: മാസപ്പടിക്കേസില് എസ്ഐടി ഇന്ന് മുതല് വിവര ശേഖരണം ആരംഭിക്കും. പ്രാഥമിക അന്വേഷണമായിരിക്കും ആദ്യം നടത്തുകയെന്നും, സമയപരിധി നിശ്ചയിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇ.ഡി.യുടെ കത്തിന് പിന്നാലെ അന്വേഷണ സംഘത്തെ പ്രഖ്യപിച്ച സര്ക്കാര് പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ കൈക്കൂലി, ഹവാല ആരോപണങ്ങളില് ആയിരിക്കും അന്വേഷണം നടത്തുക.
30 ദിവസത്തിനകം അന്വേഷണം പൂര്ത്തിയാക്കാനാണ് എസ്.ഐ.ടിക്കുള്ള നിര്ദേശം. തുടര്ന്നാകും എഫ്.ഐ.ആര്. രജിസ്റ്റര് ചെയ്യുന്നതു സംബന്ധിച്ച തീരുമാനം. പിണറായി കരിമണല് കമ്പനിയായ സി.എം.ആര്.എലില്നിന്ന് മകള് മുഖേന കൈക്കൂലി വാങ്ങിയെന്നും വീണ, മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കള് എന്നിവര് 25 കോടി രൂപയുടെ വിദേശ ഹവാല ഇടപാടുകള് നടത്തിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്. പിണറായി, മകള് ടി. വീണ, വീണയുടെ ഭര്ത്താവും മുന്മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എല്.എ, റിയാസിന്റെ സുഹൃത്തുക്കള് എന്നിവരാണ് അന്വേഷണപരിധിയിലുള്ളത്.
ഇഡി കത്ത് നല്കി 15 ദിവസത്തിന് ശേഷമാണ് നിര്ണ്ണായക നടപടിയിലേക്ക് സര്ക്കാര് നീങ്ങിയത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി: എച്ച്. വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്നോട്ടച്ചുമതല. ആരോപണങ്ങളില് ഇ.ഡി. ശിപാര്ശപ്രകാരം പ്രാഥമികാന്വേഷണം നടത്തുന്ന എസ്.ഐ.ടി. തലവനായി ക്രൈംബ്രാഞ്ച് എസ്.പി: പി. വിക്രമനെ നിയോഗിച്ചു. 9 അംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. മൂന്ന് ഡിവൈഎസ്പിമാരും അഞ്ചു സി.ഐമാരും സംഘത്തിലുണ്ട്. കെ.വി ബെന്നി, എസ്.എം പ്രദീപ് കുമാര്, എന്.ബിജു എന്നിവരാണ് ഡിവൈഎസ്പിമാര്. സൈബര് എസ്.പി അങ്കിത് അശോകന് സ്പെഷ്യല് എസ്ഐടിക്ക് വേണ്ട സഹായം നല്കണമെന്നും ഉത്തരവിലുണ്ട്.
പിണറായിക്കെതിരെ അഴിമതി തടയല് നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര് ചെയ്യാനാണ് സര്ക്കാര് തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയാണ് നയപരമായ തീരുമാനമെടുത്തത്. ഇതനുസരിച്ച് അന്വേഷണ സംഘം രൂപീകരിക്കാനുള്ള കത്ത് ആഭ്യന്തരവകുപ്പ് അഡീഷനല് ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറി. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കത്ത് നല്കി. ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല ഇന്നലെ വിളിച്ചുവരുത്തി കണ്ടിരുന്നു.







Comments