
പട്ന: ബീഹാറിലെ ജമൂയിയിൽ പെൺകുട്ടിയെ പരസ്യമായി ഉപദ്രവിച്ച സംഭവത്തിന് പിന്നാലെ, 131 കിലോമീറ്റർ അകലെ സമസ്തിപൂരിലും സമാനമായ മറ്റൊരു ക്രൂരതയുടെ വീഡിയോ പുറത്തുവന്നു. രണ്ടാമത്തെ സംഭവത്തിൽ, ഗ്രാമീണ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയെയും ബൈക്കിലെത്തിയ ഒരു സംഘം ആളുകൾ വളയുകയും അസഭ്യം പറയുകയും റോഡിൽ തള്ളിയിടുകയും ചെയ്തു.
ബുധനാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. സമസ്തിപൂരിലെ ജഗത്സിംഗ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീഡിയോ കണ്ട ഉടൻ തന്നെ കർശന നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. ചിത്രങ്ങൾ എടുക്കാൻ വേണ്ടി റോഡരികിൽ നിർത്തിയതായിരുന്നു പെൺകുട്ടിയും ആൺകുട്ടിയും എന്ന് പ്രാദേശിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പെട്ടെന്നാണ് ചില പ്രദേശികവാസികൾ അവിടെയെത്തി ഇവരെ വളഞ്ഞത്.
തുടർന്ന് പെൺകുട്ടിയെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. വൈറലായ വീഡിയോയിലുള്ളവർ ജഗത്സിംഗ്പൂർ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും ഒരാളെയും വെറുതെവിടില്ലെന്നും പോലീസ് വ്യക്തമാക്കി. വീഡിയോയിലുള്ളവരുടെ യഥാർത്ഥ വിവരങ്ങളും സംഭവസ്ഥലവും പരിശോധിച്ച് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ്, പത്താം ക്ലാസ് വിദ്യാർത്ഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്ന് ബീഹാറിലെ ജമൂയിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.







Comments