
ലണ്ടനില് വെച്ച് നടി പ്രിയ മണിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്. മലയാളികൾ ഒരിക്കലും മറക്കാത്ത 'തിരക്കഥ' എന്ന ചിത്രത്തിലെ അജയചന്ദ്രനും മാളവികയുമായി വന്ന് വിസ്മയിപ്പിച്ച ഇവരുടെ ഒത്തുചേരൽ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
"അജയചന്ദ്രനും മാളവികയും ദശാബ്ദങ്ങൾക്ക് ശേഷം തീർത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ കണ്ടുമുട്ടുന്നു... ലണ്ടനിൽ വെച്ച് പ്രിയയെ കുടുംബത്തോടൊപ്പം കണ്ടത് വലിയൊരു അത്ഭുതമായിരുന്നു... 'തിരക്കഥ' പുറത്തിറങ്ങി 18 വർഷം കഴിഞ്ഞിട്ടും ആ മികച്ച രഞ്ജിത്ത് ചിത്രത്തിന്റെ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ സജീവമാണ്... എന്റെ ആദ്യത്തെ സംസ്ഥാന അവാർഡും ഫിലിംഫെയറും നേടിത്തന്ന ഒരു ചിത്രം... എന്റെ അരികിൽ നിൽക്കുന്ന ഈ മികച്ച നടിയുടെ പിന്തുണയില്ലാതെ അത് സാധ്യമാകുമായിരുന്നില്ല."എന്നായിരുന്നു പ്രിയമണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അനൂപ് മേനോൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.
രഞ്ജിത്തിന്റെ സംവിധാനത്തിൽ 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'തിരക്കഥ'. പ്രിയാമണി, അനൂപ് മേനോൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയകഥകളിൽ ഒന്നാണ്.
സിനിമയിൽ തിളങ്ങിനിന്ന സമയത്ത് പെട്ടെന്ന് അഭിനയത്തിൽ നിന്നും വിടപറഞ്ഞ് പിന്നീട് അന്യമായിപ്പോയ മാളവിക എന്ന നായികയുടെയും, പിൽക്കാലത്ത് മലയാള സിനിമാലോകത്തെ സൂപ്പർതാരമായി മാറിയ അജയചന്ദ്രന്റെയും പ്രണയവും, ആ പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദനയുമാണ് 'തിരക്കഥ' എന്ന ചിത്രത്തിന്റെ പ്രധാന പ്രമേയം.
ചിത്രത്തിൽ മാളവിക എന്ന കഥാപാത്രത്തെ പ്രിയാമണിയും, അജയചന്ദ്രൻ എന്ന കഥാപാത്രത്തെ അനൂപ് മേനോനും അവിസ്മരണീയമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഫിലിംഫെയർ അവാർഡും അനൂപ് മേനോന് ലഭിച്ചിട്ടുണ്ട്.







Comments