
സാംസ്കാരിക പ്രവര്ത്തകനും സംഗീത നാടക അക്കാദമി മുന് ചെയര്മാനുമായിരുന്ന സൂര്യ കൃഷ്ണമൂര്ത്തിയുടെ വേര്പാടില് ഹൃദയസ്പര്ശിയായ കുറിപ്പുമായി ഗായകന് ജി. വേണുഗോപാല്. ഒരു മുതിര്ന്ന സഹോദരനെ പോലെ കുട്ടിക്കാലം മുതല് കണ്ടുവളര്ന്ന അദ്ദേഹത്തിന്റെ വിയോഗം നമ്മുടെ കലാ ലോകത്തിന് തീരാനഷ്ടമാണെന്ന് വേണുഗോപാല് കുറിച്ചു.
‘‘കൃഷ്ണമൂർത്തി ചേട്ടൻ ഓർമ്മയായി.
ഒരു മുതിർന്ന സഹോദരനെപോലെ കുട്ടിക്കാലം മുതൽ കണ്ടു വളർന്ന കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകനും കലോപാസകനും ക്യുറേറ്ററും ഒക്കെയായ സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം നമ്മുടെ കലാ ലോകത്തുണ്ടാക്കുന്ന നഷ്ടം ഗഹനമാണ്.
നാല്പത്തിയൊന്പത് വർഷമാണ് ഒരനുസ്യൂത സപര്യയായി സൂര്യ എന്ന സംഘടനയെ ചേട്ടൻ കൊണ്ടു നടന്നത്. എൺപതുകളുടെ ആദ്യം തിരുവനന്തപുരത്തു സൂര്യ കൊണ്ടു വന്നു പ്രദർശിപ്പിച്ച ലോകോത്തര സിനിമകളുടെയും അവയുടെ സ്രഷ്ടാക്കളുടെയും സാന്നിധ്യം ഒട്ടൊന്നുമല്ല സിനിമ മോഹികളായ അക്കാലത്തെ ചെറുപ്പക്കാരിൽ സ്വാധീനവലയം സൃഷ്ടിച്ചത്. അമിതാബ് ബച്ചനെയും ദിലീപ് കുമാറിനെയും ശശി കപൂറിനെയും സ്മിത പാട്ടീലിനെയും മൃണാൾ സെന്നിനെയും, സത്യജിത് റേയെയും കാണാനും ഇടപഴകാനും ഞങ്ങൾ തിരുവനന്തപുരം നിവാസികൾക്ക് സൂര്യ വേദിയൊരുക്കി. അംജദ് അലി ഖാനും ബാലമുരളി കൃഷ്ണയും പണ്ഡിറ്റ് ഭീംസെൻ ജോഷിയും യേശുദാസും സൗജന്യമായി ഞങ്ങളുടെ മുന്നിൽ പാടി. പദ്മ സുബ്രഹ്മണ്യവും പണ്ഡിറ്റ് ബിർജു മഹാരാജും ശോഭനയും നൃത്തമാടി.
ഒരുപക്ഷേ എൺപതുകളിലെ കേരളത്തിന്റെ പുതു സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രധാന ശില്പിയായിരുന്നു കൃഷ്ണമൂർത്തി ചേട്ടൻ എന്നു ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തോടൊപ്പം ലോകം എമ്പാടുമുള്ള പതിനാല് സൂര്യ ചാപ്റ്ററുകളിൽ പാടാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം പയ്യന്നൂരിൽ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാനായുള്ള പ്രാരംഭ ചർച്ചകൾക്കിടയിൽ അദ്ദേഹത്തിന്റെ സഹായി പ്രദീപ് എടുത്ത ഒരു ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്യുന്നു. കൃഷ്ണമൂർത്തി ചേട്ടന് കണ്ണീരോടെ വിട ’’. - ജി. വേണുഗോപാല് കുറിച്ചു.







Comments