
തിരുവനന്തപുരം: മാസപ്പടികേസില് എന്ത് കൊണ്ട് എഫ്ഐആര് ഇടുന്നില്ലെന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്ന് ബിജെപി. അഴിമതി രഹിത കേരളം സൃഷ്ടിക്കും എന്ന് വാഗ്ദാനം നല്കിക്കെണ്ട് ഭരണത്തിലേറിയ കോണ്ഗ്രസ് ഇപ്പോള് അഴിമതി ഒളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് പറഞ്ഞു.
മാസപ്പടി രാഷ്ട്രീയ അഴിമതിയാണെന്നും അതില് കൊള്ള നടന്നെന്നും ആര്ക്കും സംശമില്ല. പിന്നെന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും വിജിലന്സ് അന്വേഷണമില്ലാത്തതെന്നും ചോദിച്ചു. അഴിമതിരഹിത ഭരണമെന്നായിരുന്നു വാഗ്ദാനം. എന്നാല് ഭരണത്തിലേറി 140 ദിവസം കഴിഞ്ഞു ജനങ്ങള് കാണുന്നത് മറ്റൊന്നാണെന്നും അത് ചര്ച്ചയാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
പിണറായി ജയിലില് പോകണമെന്ന് പറഞ്ഞ രാഹുല് ഗാന്ധിയുടെ ഈ സര്ക്കാരിന് എല്ലാം ഒളിപ്പിക്കാനാണ് ആഗ്രഹം. ഒരു വശത്തു ചാര്ട്ടര്ഡ് ഫ്ളൈറ്റും മറുവശത്തു റേഞ്ച് റോവറും. ഈ സര്ക്കാര് അഴിമതിയും ഇരട്ടത്താപ്പും തുടരുകയാണ്. പിണറായി വിജയന്റെ അഴിമതി വി.ഡി സതീശനും തുടരുന്നു. സിപിഐഎമ്മും കോണ്ഗ്രസും കേരളത്തെ വിഡ്ഢിയാക്കുകയാണ്. മതമാണ് മതമാണ് മതമാണ് പ്രശ്നമെന്നാണ് ലീഗ് നേതാക്കള് പറയുന്നത്. അവരാണ് സൗദി പ്രവാസിയുടെ റേഞ്ച് റോവറില് ഇന്ത്യന് പതാക വെച്ച് പറക്കുന്നത്.
ദേവസ്വം ബോര്ഡുമായി സര്ക്കാര് പോരിലാണ്. അയ്യപ്പന്റെ പേരില് പാട്ട് പാടി വോട്ടു തേടിയ കോണ്ഗ്രസ്സ് സ്വര്ണ്ണക്കൊള്ള കേസില് മിണ്ടുന്നില്ല. ബിജെപി ഇന്വെസ്റ്റിഗേറ്റീവ് ഏജന്സി അല്ല. സിഎംആര്എല്ലില് നിന്നും ബിജെപിക്കാരന് പണം വാങ്ങിയിട്ടുണ്ടെങ്കില് അവര്ക്കെതിരെയും കേസ് എടുക്കട്ടെ. പോലീസ് എഫ്ഐആര് ഫയല് ചെയ്താല് പാര്ട്ടി അന്വേഷിക്കും. പോലീസ് ആദ്യം പിണറായി വിജയനെതിരെ എഫ്ഐആര് എടുക്കട്ടെ. ആരാണ് പണം വാങ്ങിയതെന്നു അന്വേഷിക്കണമെന്നും അഴിമതിയോട് ഞങ്ങള്ക്ക് സീറോ ടോളറന്സാണെന്നു പറഞ്ഞു.







Comments