
ബോളിവുഡിന്റെ താരറാണിയായി തിളങ്ങിയിരുന്ന കത്രീന കെയ്ഫ് ഈയടുത്താണ് ഒരു കുഞ്ഞിന്റെ അമ്മയായത്. വിക്കി കൗശാലുമായുള്ള കത്രീനയുടെ വിവാഹവും താരദമ്പതിമാര് ആദ്യത്തെ കണ്മണിയായ മകൻ വിഹാനെ സ്വീകരിച്ചതുമൊക്കെ ആരാധകര് ആഘോഷമാക്കിയതാണ്. എന്നാല് ഈയടുത്ത് അമ്മയായ ശേഷം അംബാനി കുടുംബത്തിന്റെ ഗണപതി ആഘോഷങ്ങളിൽ ഭർത്താവ് വിക്കി കൗശലിനൊപ്പം പങ്കെടുത്തതിന് പിന്നാലെ, പ്രസവശേഷമുള്ള തന്റെ രൂപത്തിന്റെ പേരിൽ താരം ഓൺലൈൻ ട്രോളിംഗിന് ഇരയായിരുന്നു. കത്രീനയുടെ രൂപമാറ്റത്തെക്കുറിച്ചുള്ള ട്രോളുകളും, പ്രസവത്തിനു ശേഷമുള്ള താരത്തിന്റെ ശരീരത്തെക്കുറിച്ചുള്ള ബോഡി ഷെയ്മിംഗ് ചർച്ചകളും സോഷ്യല് മീഡിയയില് നിറഞ്ഞു.
എന്നാല് ഇത്തരം ട്രോളുകള്ക്കെതിരെ ശക്തമായ നിലപാടുമായി പല താരങ്ങളും രംഗത്ത് എത്തി. ഇത്തരം വിമർശനങ്ങളെ ‘ബിഗ് ബോസ് 20’ ൽ സൽമാൻ ഖാൻ പരോക്ഷമായി വിമർശിച്ചിരുന്നു.
ഇപ്പോഴിതാ, പ്രസവശേഷം സ്ത്രീകളായ അഭിനേത്രികളുടെ ശരീരപ്രകൃതിയെക്കുറിച്ച് ഉയരുന്ന വിമർശനങ്ങളെയും സൂക്ഷ്മപരിശോധനകളെയും എതിർത്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പരിണീതി ചോപ്ര. ഇത്തരം പരാമർശങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ചിന്താഗതിയുടെ പ്രതിഫലനമാണെന്നും ശരിക്കും വിവരക്കേടാണെന്നും താരം പറഞ്ഞു.
‘‘ഒരുപാട് ആളുകൾ എന്നോട് പ്രസവാനന്തര ശരീരത്തെക്കുറിച്ചും, ഈ അടുത്ത കാലത്തായി നടക്കുന്ന ട്രോളിംഗുകളെക്കുറിച്ചുമൊക്കെ ചോദിക്കാറുണ്ട്. ‘കുഞ്ഞിന് ജന്മം നൽകിയ ഈ പെൺകുട്ടികൾക്കെതിരെ നടക്കുന്ന ഈ ട്രോളിംഗിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?’ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിനുള്ള എന്റെ പ്രതികരണവും ഉത്തരവും കേട്ട് അവര് അത്ഭുതപ്പെടാറുണ്ട്. കാരണം, അപ്പോഴൊക്കെ ഞാൻ പറയാറുള്ളത്, ഇതിനു പിന്നിലെ ആശയം മനസ്സിലാക്കാൻ സാധിക്കാത്തത് നിങ്ങളുടെ വിവരമില്ലായ്മയാണെന്നാണ്.
നിങ്ങൾ ജിമ്മിൽ പോയി സിക്സ് പാക്ക് ബോഡി ഉണ്ടാക്കിയാൽ, കാണുന്നവര് പറയും ‘ആഹാ, നിനക്ക് ആബ്സ് ഒക്കെ ഉണ്ടല്ലോ! ജിമ്മിൽ പോകുന്നുണ്ടല്ലേ? കൊള്ളാം, സൂപ്പർ...’ എന്ന്. ‘അതെ, ഞാൻ ഒരു വർഷമായി ആബ്സ് ഉണ്ടാക്കുകയാണ്... വളരെ സന്തോഷം....’ എന്നായിരിക്കും നിങ്ങള് കൊടുക്കുന്ന മറുപടി. ഇനി നിങ്ങൾ മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ പോയി ശരീരം ഡൈനമിക് ടാനായി തിരിച്ചുവരുമ്പോൾ പറയും, ‘ഓ, നീ ബീച്ചിൽ പോയിരുന്നോ? ആ ടാൻ കാണാനുണ്ട്...’ എന്ന്. ടാന് എന്നത് നിങ്ങൾ മാലിദ്വീപിൽ പോയതിന്റെ അടയാളമാണ്, ആബ്സ് ജിമ്മിൽ പോയതിന്റെ അടയാളവും.
ഞാൻ നിങ്ങളുടെ ആബ്സ് നോക്കി, ‘അല്ല, നീ ഇപ്പോൾ ജിമ്മിൽ പോകുന്നില്ലല്ലോ, അതുകൊണ്ട് ആ ആബ്സ് തിരിച്ചു കൊടുത്തേക്ക്’ എന്ന് പറയാറില്ലല്ലോ. അല്ലെങ്കിൽ ‘ നിങ്ങളുടെ ടാൻ നാളെയ്ക്കുള്ളിൽ പോകണം, മാലിദ്വീപ് യാത്ര കഴിഞ്ഞല്ലോ’ എന്നും പറയാറില്ലല്ലോ. അപ്പോള്പ്പിന്നെ പ്രസവിച്ച് ആറുമാസം കഴിഞ്ഞ ഒരു സ്ത്രീയോട് ‘ഇപ്പോഴും നീ പഴയപടി ആയില്ലേ, വേഗം പഴയ രൂപത്തിലേക്ക് തിരികെ വാ...’എന്ന് പറയാൻ നിങ്ങൾക്കാരാണ് അവകാശം തന്നത്?
പ്രസവശേഷമുള്ള സ്ത്രീയുടെ ശരീരത്തെക്കുറിച്ച് ആരെങ്കിലും മോശമായി അഭിപ്രായം പറയുന്നത് വിവരക്കേടായിട്ടാണ് എനിക്ക് തോന്നുന്നത്. മുടി വെട്ടിയാൽ അത് ചെറുതാകും, അവധിക്ക് പോയാൽ വെയിലേറ്റുള്ള നിറവ്യത്യാസം വരും. ചെയ്യുന്ന കാര്യങ്ങളുടെ അടയാളങ്ങൾ ശരീരത്തിൽ കാണും, അതെല്ലാം നമ്മൾ ആഘോഷിക്കാറുമുണ്ട്. എന്നാൽ ഒരു ജീവനെ, ഒരു കുഞ്ഞിനെ സൃഷ്ടിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ആ അടയാളത്തെ മാത്രം എന്തുകൊണ്ട് ആഘോഷിക്കുന്നില്ല? അതെങ്ങനെയാണ് നെഗറ്റീവ് ആകുന്നത്? എനിക്ക് ഇത് വലിയ വിവരക്കേടായി തോന്നാറുണ്ട്. എന്തൊരു സംസാരമാണിത്? ആ സ്ട്രെച്ച് മാർക്കുകളും ശരീരത്തിലെ മാറ്റങ്ങളും എപ്പോഴാണ് ഒരു നെഗറ്റീവ് കാര്യമായി മാറിയത്?
പ്രസവിച്ച ഒരു സ്ത്രീയെ കാണുമ്പോൾ ഞാൻ ഇങ്ങനെയാകും ചിന്തിക്കുക, ‘അയ്യോ, ഒരു സ്ട്രെച്ച് മാർക്ക് കാണുന്നുണ്ടല്ലോ. നിങ്ങൾ ഒരു കുഞ്ഞിന് ജന്മം നൽകിയതാണോ? അത് വളരെ അത്ഭുതകരമായ കാര്യമാണല്ലോ. കുഞ്ഞിന് സുഖമാണോ?’ ഇങ്ങനെയേ ഞാൻ അതിനെ കാണൂ. മുടി വെട്ടിയ ഒരാളെ കാണുമ്പോൾ ‘പുതിയ ഹെയർകട്ട് ആണോ? മുടി കാണാൻ നല്ല ഭംഗിയുണ്ടല്ലോ' എന്ന് പറയുന്നതുപോലെ തന്നെയാണിത്. ഒരു സ്ത്രീയുടെ ശരീരത്തിലെ ആ അടയാളത്തെ എങ്ങനെയാണ് നെഗറ്റീവ് ആയി കാണാൻ കഴിയുക? അത്തരം ചിന്താഗതി വിവരക്കേടാണെന്നാണ് എനിക്ക് തോന്നുന്നത്.
സ്ത്രീകളുടെ ശരീരത്തെക്കുറിച്ച്, പ്രത്യേകിച്ച് പ്രസവിച്ചവരെക്കുറിച്ച്, ചർച്ച ചെയ്യുന്നത് വളരെ വിചിത്രമായി തോന്നുന്നു. എനിക്ക് അത് ഒട്ടും മനസ്സിലാകുന്നില്ല... സത്യം പറഞ്ഞാൽ, എനിക്ക് അത് ഒട്ടും മനസ്സിലാകുന്നില്ല. ഒരു സ്ത്രീ പ്രസവിച്ച ശേഷം അവളുടെ ശരീരത്തിൽ ചില സ്ട്രെച്ച് മാർക്കുകളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ, അതിനെ എന്തിനാണ് നെഗറ്റീവ് ആയി കാണുന്നത്? അതൊരു മനോഹരമായ അടയാളമല്ലേ?
എന്റെ സ്ട്രെച്ച് മാർക്കുകൾ കാണുമ്പോൾ ഞാൻ ചിന്തിക്കും, ‘ദൈവമേ, എനിക്ക് ഈ സ്ട്രെച്ച് മാർക്ക് എന്തുകൊണ്ടാ വന്നതെന്ന് അറിയാമോ? ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകിയതുകൊണ്ട്...എനിക്ക് ഈ സ്ട്രെച്ച് മാർക്കുകളുണ്ടല്ലോ, നല്ലത്...’എന്ന്. എനിക്കിത് വളരെ മനോഹരമായി തോന്നുന്നു, അങ്ങനെയുള്ളപ്പോൾ ഇതെപ്പോഴാണ് മോശമായ ഒന്നായത്? എനിക്കിത് വിചിത്രമായി തോന്നുന്നു.
അതുകൊണ്ട് എന്റെ ചിന്താഗതി കണ്ട് എന്നെ മാതൃകയാക്കുന്നു എന്ന് ആളുകൾ പറയുമ്പോൾ, തീർച്ചയായും അത് ചെയ്തോളൂ എന്ന് ഞാന് പറയും. കാരണം എന്റെ ചിന്താഗതി സൂപ്പറാണ്. മറ്റൊന്നുമല്ല, സത്യസന്ധമായി പറയുകയാണെങ്കിൽ നിങ്ങളുടെ ജീവിതം ജീവിക്കുക, ഇത്തരം വിവരമില്ലാത്ത ആളുകളെ വകവെക്കാതിരിക്കുക....
‘ഒരു ബോൾഡ് കഥാപാത്രം ചെയ്യുമ്പോൾ കല്യാണം കഴിഞ്ഞിട്ടും ഈ പെൺകുട്ടി ഇങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കുന്നു’ എന്ന് ചിലര് പറയാറുണ്ട്. എന്നാൽ ആണുങ്ങൾക്ക് ഇതൊക്കെ ചെയ്യാം. ഇത് തികച്ചും വിചിത്രമാണ്. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം അങ്ങനെയൊരു വ്യത്യാസം. എനിക്ക് തോന്നുന്നത് വേലയില്ലാത്ത ഈ ആളുകളൊന്നും സ്ത്രീകളല്ല എന്നാണ്. അതുകൊണ്ടാണ് അവർ ഇങ്ങനെയൊക്കെ കമന്റ് ചെയ്യുന്നത്, കാരണം നമ്മളാരും ആരെക്കുറിച്ചും കമന്റ് ചെയ്യാൻ പോകാറില്ലല്ലോ...
ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ലാത്തതുകൊണ്ട് തന്നെ അവയെ നേരിടേണ്ടി വരാറുമില്ല. എനിക്കെതിരെ അത്തരം കാര്യങ്ങൾ സംഭവിച്ചാൽ പോലും പലപ്പോഴും ഞാനത് അറിയാറില്ല, കാരണം സോഷ്യൽ മീഡിയയിൽ അത്രയധികം സമയം ചെലവഴിക്കുന്ന ആളല്ല ഞാൻ. ഇനി അറിഞ്ഞാൽ തന്നെ അതൊന്നും എന്നെ ബാധിക്കാറുമില്ല.
എന്റെ ജീവിതം, സമയം, കുടുംബം, സുഹൃത്തുക്കൾ എന്നിവയോട് പൂർണ്ണമായും സത്യസന്ധത പുലർത്തുന്ന ഒരാളാണ് ഞാൻ. എന്നെക്കുറിച്ച് അപരിചിതർ പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ഒട്ടും ഉത്കണ്ഠയില്ല. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. ഇത്തരം അർത്ഥശൂന്യമായ കാര്യങ്ങൾക്കായി സമയം കളയാൻ എനിക്ക് താൽപ്പര്യമില്ല...’’ പരിണീതി പറഞ്ഞു. ബിജെപി രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയുടെ ഭാര്യ കൂടിയായ പരിണീതി ഇക്കഴിഞ്ഞ ഒക്ടോബറിൽ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റു. നീർ എന്നാണവര് മകന് നല്കിയ പേര്. ഗർഭകാലത്ത്, റെൻസിൽ ഡിസിൽവ, സിദ്ധാർത്ഥ് പി. മൽഹോത്ര എന്നിവർ ഒരുക്കിയ ‘ഷാക്’ എന്ന ത്രില്ലർ പരമ്പരയില് പരിണീതി അഭിനയിച്ചിരുന്നു. അമ്മയായ ശേഷം, താരം കുറച്ചു കാലത്തേക്ക് ജോലിയിൽ നിന്ന് ഇടവേളയെടുത്തു. ‘ഷക്ക്: ട്രസ്റ്റ് നോ വൺ’ എന്ന മിസ്റ്ററി ത്രില്ലര് 2026 സെപ്റ്റംബർ 24-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.







Comments