
പത്തനംതിട്ട: ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേർന്നു. അരവണ ഉൽപാദനം, സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കൽ, കടകളുടെ ലേലം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുമെന്ന് ദേവസ്വം പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
നവംബർ 16നാണ് ശബരിമല നട തുറക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്ത് എഐ ക്യാമറ സംവിധാനം ഒരുക്കും. പൊലീസിന്റെ സഹകരണത്തോടെയായിരിക്കും സംവിധാനം പ്രവർത്തിക്കുക. നിലയ്ക്കലിൽ പ്രധാന ഹബ് ഒരുക്കും. എഐ ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ പൊലീസ് തീരുമാനിക്കും.
നിലയ്ക്കലിൽ 6000 പേർക്ക് സൗകര്യത്തോടെ കഴിയാനുള്ള സംവിധാനവും ഒരുക്കും. കൺട്രോൾ റൂം സ്ഥാപിച്ച് തീർത്ഥാടകരുടെ വരവും വാഹന പാർക്കിങ്ങും ഏകോപിപ്പിക്കും.
ശബരിമലയിൽ നിലവിൽ ആറുകോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഒക്ടോബർ അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കും. നിർമാണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ പുറത്തുനിന്നുള്ള പരിശോധനാ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
അരവണ ഉൽപാദനം പ്രതിദിനം 2.60 ലക്ഷം ടിന്നിൽ നിന്ന് 3.60 ലക്ഷം ടിന്നായി ഉയർത്തും. തിരക്ക് കണക്കിലെടുത്ത് ഒരു ലക്ഷം ടിൻ അധികമായി ഉൽപാദിപ്പിക്കാനാണ് തീരുമാനം. പുതിയ പ്ലാന്റ് ഒക്ടോബർ 31ന് പ്രവർത്തനം ആരംഭിക്കും. ശബരിമല നട തുറക്കുന്ന സമയത്ത് ആവശ്യമായ അരവണ സ്റ്റോക്ക് ഉണ്ടാകുമെന്നും തുലാമാസ പൂജകൾക്കിടയിൽ അരവണ ക്ഷാമമുണ്ടാകില്ലെന്നും കെ. ജയകുമാർ പറഞ്ഞു.
ശർക്കരയുടെ കാര്യത്തിലും ആശങ്ക വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ ശർക്കര വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ശർക്കര വാങ്ങുന്നതിനായി മൂന്ന് തവണ ടെൻഡർ വിളിച്ചു. വിതരണക്കാരുടെ പ്രാപ്തി പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. വിലപേശൽ നടപടികളും നടത്തണമെന്ന് കെ. ജയകുമാർ പറഞ്ഞു.
‘സ്വർണക്കിരീടം കാണാതായിട്ടില്ല’; സ്ട്രോങ്ങ് റൂമിൽ സുരക്ഷിതം
അതേസമയം, ശബരിമല സന്നിധാനത്തെ സ്വർണക്കിരീടം നഷ്ടമായിട്ടില്ലെന്ന് തിരുവാഭരണം കമ്മിഷൻ ദേവസ്വം ബോർഡിനെ അറിയിച്ചു. സ്വർണക്കിരീടം സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.
സ്വർണക്കിരീടം കാണാതായെന്ന വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കെ. ജയകുമാർ പറഞ്ഞു. 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള വൈദ്യനാഥ സ്വാമിയാണ് കിരീടം ശബരിമലയിൽ സമർപ്പിച്ചത്. സമർപ്പിച്ച ഭക്തൻ തന്നെ കിരീടത്തിന് ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ കെ. രാജു, പി. ഡി. സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.







Comments