
നഗോയ: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിലെ 4x400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി. മലയാളി താരം ടി.എസ്. മനു, എം.ആർ. പൂവമ്മ, വിശാൽ തേനരശ്, വിദ്യ രാംരാജ് എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ സംഘമാണ് വെള്ളി നേടിയത്. 2023ലെ ഹാങ്ഷു ഏഷ്യൻ ഗെയിംസിലും ഇതേ ഇനത്തിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. ഇത്തവണയും മെഡൽ നിലനിർത്താൻ ടീമിനായി.
3:14.46 സെക്കൻഡിലാണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്. ഗെയിംസ് റെക്കോർഡോടെ 3:12.87 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബഹ്റൈൻ സ്വർണം നേടി.
ഒരു സ്വർണം ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 16 ആയി. ആറ് വെള്ളിയും ഒൻപത് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. മെഡൽ പട്ടികയിൽ ചൈനയാണ് മുന്നിൽ.
നേരത്തെ വനിതകളുടെ 10,000 മീറ്ററിൽ ഇന്ത്യക്ക് വെങ്കലം ലഭിച്ചിരുന്നു. 32:50.05 സെക്കൻഡിൽ ഫിനിഷ് ചെയ്ത സീമ കുമാരിയാണ് മെഡൽ നേടിയത്. ഈ ഇനത്തിൽ ഇന്ത്യയുടെ 16 വർഷത്തെ മെഡൽ കാത്തിരിപ്പിനാണ് സീമ വിരാമമിട്ടത്.
2010ൽ മലയാളിയായ പ്രീജ ശ്രീധരൻ വനിതകളുടെ 10,000 മീറ്ററിൽ ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. അന്ന് കവിത റാവത്ത് വെള്ളിയും സ്വന്തമാക്കി. അതിന് ശേഷം ഇപ്പോഴാണ് ഈ ഇനത്തിൽ ഇന്ത്യ മെഡൽ നേടുന്നത്.
ഇന്ന് ഇന്ത്യ സ്വന്തമാക്കുന്ന അഞ്ചാം മെഡലാണിത്. വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവി നേരത്തെ വെള്ളി നേടിയിരുന്നു. ഫൈനലിൽ ചൈനയുടെ ഴാങ് സിയൂവിനോടാണ് റോഷിബിന പരാജയപ്പെട്ടത്. തുഴച്ചിലിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ഷൂട്ടിങ്ങിലെ സ്കീറ്റ് മിക്സഡ് ടീം ഇനത്തിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി.







Comments