
ഓസ്ട്രേലിയയിലെ സിഡ്നിയിലെ ജീവിതച്ചെലവും തന്റെ വരുമാനവും മാസച്ചെലവുകളും തുറന്നുപറഞ്ഞ് ഇന്ത്യക്കാരൻ. ഓസ്ട്രേലിയ വിടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ദിവ്യജ് ഗൗതം എന്നയാളാണ് സിഡ്നിയിലെ തന്റെ ജീവിതത്തിലെ കണക്കുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്ത്യയിലെത്തുമ്പോൾ സാമ്പത്തികമായി സുരക്ഷിതമായ നിലയിലായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിലെത്തിയപ്പോൾ ഇന്ത്യൻ ഗ്രോസറി സ്റ്റോറിലായിരുന്നു ആദ്യ ജോലി. ആഴ്ചയിൽ ആറു ദിവസം ജോലി ചെയ്തിരുന്ന അദ്ദേഹം ഏകദേശം 500 ഓസ്ട്രേലിയൻ ഡോളർ ആഴ്ചയിൽ സമ്പാദിച്ചിരുന്നു. പിന്നീട് റീട്ടെയിൽ ജോലിയിലേക്ക് മാറിയപ്പോൾ ആഴ്ചയിലെ വരുമാനം ഏകദേശം 1100 ഡോളറായി. പിന്നീട് സൈക്കോസോഷ്യൽ റിസ്ക് കൺസൾട്ടന്റായി സ്വന്തം സ്ഥാപനം ആരംഭിച്ചതോടെ വരുമാനം വീണ്ടും ഉയർന്നു. ഓരോ ക്ലയന്റിൽ നിന്നും ഏകദേശം 3000 ഡോളർ പ്രതിമാസം ലഭിച്ചിരുന്നതായും ശരാശരി മാസവരുമാനം നികുതിക്ക് മുമ്പ് 10,000 ഡോളർ വരെ എത്തിയതായും അദ്ദേഹം പറഞ്ഞു. നികുതി കഴിഞ്ഞ് ഏകദേശം 7500 ഡോളറായിരുന്നു മാസവരുമാനം.
എന്നാൽ സിഡ്നിയിലെ ജീവിതച്ചെലവും കുറവല്ലെന്നാണ് ഗൗതം പങ്കുവെച്ച കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിമാസ വാടകയായി ഏകദേശം 2400 ഡോളറും വൈദ്യുതി ഉൾപ്പെടെയുള്ള മറ്റ് ബില്ലുകൾക്കായി 350 ഡോളറും പലചരക്ക് സാധനങ്ങൾക്കായി 500 ഡോളറും ജിം അംഗത്വത്തിന് 100 ഡോളറും ചെലവഴിച്ചു. പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനും മറ്റുമായി 500 മുതൽ 600 ഡോളർ വരെ പ്രതിമാസം ചെലവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആകെ മാസച്ചെലവ് ഏകദേശം 3900 ഡോളറായി.
മാസം 7500 ഡോളർ നികുതി കഴിഞ്ഞുള്ള വരുമാനത്തിൽ നിന്ന് ഏകദേശം 3900 ഡോളർ ചെലവായതോടെ 3600 ഡോളറോളം മിച്ചം ലഭിച്ചിരുന്നുവെന്നാണ് ഗൗതത്തിന്റെ കണക്ക്. ഈ തുകയുടെ ഭൂരിഭാഗവും സമ്പാദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സിഡ്നി വിടാനൊരുങ്ങുന്ന സാഹചര്യത്തിൽ വലിയൊരു തുക കൈയിലുണ്ടാക്കി ഇന്ത്യയിലേക്ക് മടങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ കണക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ സിഡ്നിയിലെ ജീവിതച്ചെലവ് വ്യക്തിയുടെ താമസരീതി, കുടുംബ വലുപ്പം, ജീവിതശൈലി എന്നിവ അനുസരിച്ച് ഏറെ വ്യത്യാസപ്പെടുമെന്നും ചിലർ ചൂണ്ടിക്കാട്ടി.







Comments