
കൊച്ചി: മന്ത്രി കെ.എം ഷാജിയുടെ റേഞ്ച് റോവർ യാത്രാവിവാദം തുടരുകയാണ്. സ്വകാര്യ വ്യക്തിയുടെ വാഹനം ഔദ്യോഗിക കാര്യത്തിന് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാണിച്ച് സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും അഭിഭാഷകൻ പരാതിനൽകി. ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതി നൽകിയത്.
കണ്ണൂര് തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ റേഞ്ച് റോവർ കാറാണ് മന്ത്രി ഔദ്യോഗിക ബോർഡ് വച്ച് ഉപയോഗിച്ചത്. ഇതിലൂടെ സർക്കാർ പദവി ദുരുപയോഗം ചെയ്തു എന്നും മോട്ടോർ വാഹന നിയമം ലംഘിച്ചു എന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ആഡംബര കാറിലുള്ള മന്ത്രിയുടെ യാത്ര വലിയവിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്ന അവസരത്തിലാണ് പരാതി നൽകിയത്.
ഔദ്യോഗിക പദവി ഇല്ലാതിരുന്ന കാലത്തും റേഞ്ച് റോവർ ഉപയോഗിച്ചിരുന്നു എന്നായിരുന്നു മന്ത്രി തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ചത്. മന്ത്രിയായ ശേഷം ഈ കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയശേഷമാണ് എന്നും മന്ത്രി കാർ തിരിച്ചേല്പിച്ച ശേഷം പറഞ്ഞിരുന്നു. എന്നാൽ, സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമാക്കാന് കെ.എം.ഷാജിക്ക് അനുമതി നല്കി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല.







Comments