
കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രാ വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിമാന കമ്പനിയുടമ തന്റെ നിയോജക മണ്ഡലത്തിലുള്ള ആളാണെന്നും അപരിചിതനല്ല എന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം, പ്രതികരണത്തിലുടനീളം സ്പോൺസറുടെ പേരുപറയാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
ഉടമസ്ഥനെ വ്യക്തിപരമായി അറിയാവുന്ന ആളാണ്. തനിക്ക് വോട്ട് ചെയ്യുന്ന കുടുംബമാണത്. വോട്ടർ പട്ടികയിലുള്ളവരാണ്. അവർ താൽക്കാലികമായി ഒരു സഹായം ചെയ്തു എന്നതിൽ എന്ത് അത്ഭുതമാണെന്നും സ്പീക്കർ ചോദിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസക്തനായ ഒരു നേതാവ് ആണ് വിമാനക്കമ്പനി ഉടമ. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണ് ഫ്ലൈറ്റ്. ഉടമയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. അവരുടെ വീട്ടിലെ എല്ലാ ചടങ്ങിനും പോകാറുണ്ട്. അത് ബെംഗളൂരുവിലെ വീട്ടിൽ അല്ല, കുടുംബത്ത് ആണെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാതെ അപരിചതന്റെ കൂപ്പറിൽ കയറിപ്പോകുന്നതുപോലെയല്ല ഇത് എന്നും കൂട്ടിച്ചേർത്തു. അതേസമയം, കടങ്കഥ പോലെയുള്ള പ്രതികരണത്തിൽ സ്പോൺസർ ആരാണെന്നു വ്യക്തമായി പറയാൻ തിരുവഞ്ചൂർ തയ്യാറായില്ല.







Comments