
നഗോയ: ഏഷ്യന് ഗെയിംസില് മലയാളിതാരത്തിന്റെ മികവ് വീണ്ടും. കോഴിക്കോടുകാരി വിദര്ശ വിനോദ് രണ്ടാം വെള്ളിനേട്ടം നടത്തി. ഷൂട്ടിംഗിലെ 50 മീറ്റര് റൈഫിള്സ് 3 പൊസിഷനില് ടീം ഇനത്തിലാണ് വെള്ളിനേടിയത്. ഇതോടെ ഒരു ഗെയിംസില് ഷൂട്ടിംഗില് രണ്ടുമെഡല് എന്ന അപൂര്വ നേട്ടമാണ് വിദര്ശ നേടിയത്. വ്യക്തിഗത ഇനത്തിലും വിദര്ശ ഫൈനലില് കടന്നിട്ടുണ്ട്.
ആസി, തിലോത്തമ എന്നിവര്ക്കൊപ്പമാണ് വിദര്ശ മത്സരിച്ചത്. ചൈനയ്ക്ക് പിന്നില് രണ്ടാം സ്ഥാനത്താണ് എത്തിയത്. അവസാനഘട്ടത്തില് വിദര്ശയുടെ മികച്ച പ്രകടനം ഉണ്ടാകുകയായിരുന്നു. നേരത്തേ വനിതാ 10 മീറ്റര് എയര്റൈഫിള്സ് ടീം ഇനത്തിലും വിദര്ശ വെള്ളി നേടിയിരുന്നു. ഷൂട്ടിംഗില് മെഡല് നേടുന്ന ആദ്യ മലയാളിയാണ് വിദര്ശ. ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില് ഫൈനലില് എത്തുന്ന ആദ്യ മലയാളി കൂടിയാണ്.
ഇതോടെ ഇന്ത്യയ്ക്ക് എട്ടാം ദിവസം രണ്ടു വെള്ളിയാണ് രാവിലെ തന്നെ തേടി വന്നത്. നേരത്തേ മാരത്തണിലും ഇന്ത്യ വെള്ളിനേട്ടം ഉണ്ടാക്കിയിരുന്നു. സാവന് ബര്വാള് പുരുഷന്മാരുടെ മാരത്തണില് രണ്ടാം സ്ഥാനത്ത് എത്തിയത്. ഈ ഇനത്തില് ഇന്ത്യയുടെ 44 വര്ഷത്തെ കാത്തിരിപ്പാണ് അവസാനിപ്പിച്ചത്. 1982-ല് ന്യൂഡല്ഹിയില് നടന്ന ഏഷ്യന് ഗെയിംസില് വെങ്കടേശ്വര് വെങ്കിടേശ്വരന് വെങ്കലം നേടിയതിന് ശേഷമാണ് ഒരു ഇന്ത്യന് താരം ഈ നേട്ടം കൈവരിക്കുന്നത്. 2 മണിക്കൂര് 11 മിനിറ്റ് 37 സെക്കന്ഡില് ഓടിയെത്തിയാണ് സാവന് പുതിയ ദേശീയ റെക്കോര്ഡും വ്യക്തിഗത മികച്ച പ്രകടനവും കുറിച്ചത്.
സ്വര്ണ്ണനേട്ടം ഉണ്ടാക്കുമെന്ന് തോന്നിപ്പിച്ച ശേഷമാണ് രണ്ടാം സ്ഥാനത്ത് ആയത്. തൊട്ടടുത്തുവരെത്തിയെങ്കിലും ജപ്പാന് താരം ഇചിതക യമാഷിതയോട് (2:10:49) അല്പം പിറകിലായിപ്പോയി. സാവനേക്കാള് 48 സെക്കന്ഡ് മുമ്പേ ഫിനിഷ് ചെയ്താണ് യമാഷിത സ്വര്ണ്ണം സ്വന്തമാക്കിയത്. മത്സരത്തില് പങ്കെടുത്ത മറ്റൊരു ഇന്ത്യന് താരമായ കാര്ത്തിക് കര്ക്കര 19 പേര് ഉള്പ്പെട്ട മത്സരത്തില് 17-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.







Comments