
ഓസ്ട്രേലിയയിലെ പാരമ്പര്യ സ്വാഗതച്ചടങ്ങിനിടെ ബ്രസീൽ ഫുട്ബോൾ താരങ്ങളുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ടൗൺസ്വില്ലിൽ നടന്ന ചടങ്ങിനിടെയാണ് ചില ബ്രസീൽ താരങ്ങൾ ചിരി അടക്കാൻ ശ്രമിക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വീഡിയോ വൈറലായതോടെ താരങ്ങൾക്കെതിരെ വിമർശനവും ഉയർന്നു.
ടൗൺസ്വിൽ മേഖലയിലെ വുൾഗുരുകബ വാക്കബൗട്ട്സ് എന്ന ആദിവാസി നൃത്തസംഘമാണ് ബ്രസീൽ ടീമിനെ സ്വാഗതം ചെയ്യുന്നതിനായി ചടങ്ങ് നടത്തിയത്. ചില ആദിവാസി സമൂഹങ്ങളിൽ സ്വാഗതം, ശുദ്ധീകരണം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന പരമ്പരാഗത സ്മോക്കിങ് ചടങ്ങും ഇതിന്റെ ഭാഗമായിരുന്നു. ബ്രസീൽ ടീമിനെ സ്വാഗതം ചെയ്യാനും ഓസ്ട്രേലിയയിലെ താമസത്തിന് ആശംസകൾ നേരാനുമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
വൈറലായ ദൃശ്യങ്ങളിൽ ചില താരങ്ങൾ പുഞ്ചിരിക്കുകയും ചിലർ വായ മൂടിപ്പിടിക്കുകയും ചെയ്യുന്നതായി കാണാം. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായത്. പ്രാദേശിക സംസ്കാരത്തോടും പാരമ്പര്യത്തോടും താരങ്ങൾ ബഹുമാനം കാണിച്ചില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം. എന്നാൽ ദൃശ്യങ്ങൾ മാത്രം നോക്കി താരങ്ങൾ എന്തുകൊണ്ടാണ് ചിരിച്ചതെന്നോ ചടങ്ങിനെ പരിഹസിക്കുകയായിരുന്നോ എന്നോ വ്യക്തമായി പറയാനാകില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.
ബ്രസീൽ ടീമിന്റെ ഓസ്ട്രേലിയൻ സന്ദർശനത്തിനിടെയുണ്ടായ സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഫുട്ബോൾ മത്സരത്തിന് മുന്നോടിയായുള്ള സാധാരണ സ്വീകരണച്ചടങ്ങ് അപ്രതീക്ഷിതമായി വിവാദത്തിലേക്ക് മാറുകയായിരുന്നു. പ്രാദേശിക സംസ്കാരങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കും വൈറൽ വീഡിയോ വഴിവച്ചിട്ടുണ്ട്.







Comments