
ലഖ്നൗ: വീടിന് സമീപം മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് എഴുപതുകാരിയായ വയോധികയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മോഹൻലാൽഗഞ്ജ് പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രാജേഷ് എന്ന ഗുഡ്ഡു (30), ഹരിറാം റാവത്ത് (34) എന്നീ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട വയോധികയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. വയോധികയുടെ വീടിന് സമീപം പ്രതികൾ മദ്യപിക്കുന്നത് ചോദ്യം ചെയ്യുകയും, തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഇതിനുശേഷം പ്രതികൾ വയോധികയെ പിന്തുടർന്ന് വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. വയോധികയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും, ബലാത്സംഗത്തിനിരയാക്കുകയും വടികൊണ്ട് അടിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയാണുണ്ടായത്.
കൊലപാതകത്തിന് ശേഷം അവരുടെ നഗ്നമായ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ അകലെവരെ വയോധികയുടെ തകർന്ന വളകളും രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനും കൂട്ടബലാത്സംഗത്തിനുമുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ കഴുത്തുഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതകം മറച്ചുവെക്കാനായി പ്രതികൾ മൃതദേഹം ഇരുണ്ട ഭാഗത്തേക്ക് മാറ്റി കിടത്തുകയും ചെയ്തു. മോഹൻലാൽഗഞ്ജ് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പ്രദേശത്തെ വിവരങ്ങളും ശേഖരിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.







Comments