
തിരുവനന്തപുരം: മോട്ടോർ വാഹവകുപ്പിന്റെ ഇ-ചെലാനുകളിൽ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള് ഒഴിവാക്കി എന്നാണോ മനസ്സിലാക്കിയിരിക്കുന്നത്? എന്നാൽ, ആ ധാരണ തെറ്റാണ്. ഗതാഗതവകുപ്പ് ഇ-ചെലാനിൽ നിന്ന് നിയമലംഘനത്തിന്റെ ചിത്രങ്ങൾ നീക്കുന്നു എന്ന വാർത്തകൾ വിശ്വസിക്കേണ്ടതില്ല. നിലവിൽ, അത്തരത്തിൽ ഒരു ഉത്തരവോ നിർദേശമോ നൽകിയിട്ടില്ല എന്ന് മോട്ടോര് വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
“മോട്ടോര് വാഹന വകുപ്പിന്റെ ഇ-ചെലാനുകളില് നിന്നും നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിലുള്ള വാര്ത്തകള് സാമൂഹിക മാധ്യമങ്ങളില് ഉള്പ്പെടെയുള്ള മാധ്യമങ്ങളില് പ്രചരിക്കുന്നതായി കാണുന്നു. എന്നാല് അത്തരത്തില് ഒരു ഉത്തരവ് / നിര്ദ്ദേശം നിലവില് മോട്ടോര് വാഹന വകുപ്പ് നല്കിയിട്ടില്ല എന്ന് അറിയിക്കുന്നു”, എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
ഇ-ചെലാനുകളിൽ ചിത്രങ്ങൾ കൂടി ചേർക്കുന്നത് പലപ്പോഴും കുടുംബ കലഹങ്ങൾക്ക് കാരണമായിത്തീരുന്നു എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. സ്വകാര്യതാ സംരക്ഷണം വേണം എന്ന ആവശ്യവുമുയർന്നിരുന്നു. ഇതേത്തുടർന്ന് ഫോട്ടോകൾ സ്വകാര്യമാക്കി ഇ-ചെലാൻ പോർട്ടൽ അപ്ഡേറ്റ് ചെയ്യുമെന്നായിരുന്നു വാർത്തകൾ. എന്നാൽ അത്തരത്തിൽ നിർദേശമൊന്നും നൽകിയിട്ടില്ല എന്നാണ് എംവിഡി പോസ്റ്റിലൂടെ പറയുന്നത്.







Comments