
എച്ച്എംഡി (HMD) തങ്ങളുടെ പുതിയ ഫോണായ വൈബ് 2 പ്രോയുടെ (Vibe 2 Pro) ഇന്ത്യയിലെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഈ സ്മാര്ട്ട്ഫോണിന്റെ നിറങ്ങളും പ്രധാന സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഡൈമന്സിറ്റി 6300 ചിപ്സെറ്റിലാണ് എച്ച്എംഡി വൈബ് 2 പ്രോ പ്രവര്ത്തിക്കുന്നത്. 64 മെഗാപിക്സല് പ്രൈമറി സെന്സറോട് കൂടിയ ഡ്യുവല് റിയര് ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. 6,000mAh ബാറ്ററിയും ഫോണില് ഉണ്ടാകും. ഈ വര്ഷം ആദ്യം വിപണിയിലെത്തിയ വൈബ് 2 സീരീസിലേക്കാണ് പുതിയ മോഡല് എത്തുന്നത്.
എച്ച്എംഡി വൈബ് 2 പ്രോ ഇന്ത്യ ലോഞ്ച് തീയതി
എച്ച്എംഡി വൈബ് 2 പ്രോ സെപ്റ്റംബര് 29-ന് ഇന്ത്യയില് അവതരിപ്പിക്കും. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാര്ട്ട് (Flipkart) വഴിയായിരിക്കും ഈ പുതിയ വൈബ് സീരീസ് സ്മാര്ട്ട്ഫോണ് വില്പ്പനയ്ക്കെത്തുന്നത്. ഇതിനായി പ്രത്യേക മൈക്രോസൈറ്റും ഫ്ലിപ്പ്കാര്ട്ടില് തത്സമയമായിട്ടുണ്ട്. 120Hz റീഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് ഫുള്-എച്ച്ഡി+ ഡിസ്പ്ലേയാണ് ഈ ഹാന്ഡ്സെറ്റില് ഉള്പ്പെടുത്തിയിരിക്കുന്നതെന്ന് ലിസ്റ്റിംഗില് വ്യക്തമാക്കുന്നു. അക്വാ ഗ്രീന്, കോസ്മിക് പര്പ്പിള്, സില്വര് മിസ്റ്റ് എന്നീ നിറങ്ങളിലാണ് ഫോണ് എത്തുന്നത്.
വൈബ് സീരീസില് എച്ച്എംഡിയുടെ രണ്ടാമത്തെ ഫോണാണ് വൈബ് 2 പ്രോ. കഴിഞ്ഞ മെയ് മാസത്തിലാണ് കമ്പനി വൈബ് 2 5G ഫോണ് 10,999 ആരംഭ വിലയില് ഇന്ത്യയില് അവതരിപ്പിച്ചത്. 6.7 ഇഞ്ച് 120Hz ഡിസ്പ്ലേ, 50 മെഗാപിക്സല് ക്യാമറ, 18W ചാര്ജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററി എന്നിവയായിരുന്നു ആ ഫോണിന്റെ പ്രധാന സവിശേഷതകള്.







Comments