
ഇന്ത്യയിലെ യാത്രയ്ക്കിടെ ഒരു വിദേശ വനിതയ്ക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ശേഷം കൂലി നൽകാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ പണം വാങ്ങാൻ തയ്യാറായില്ല. കൂലി വേണ്ടെന്ന് പറഞ്ഞ ഡ്രൈവറുടെ പെരുമാറ്റം തന്നെ ഏറെ ആകർഷിച്ചെന്നും ആ അനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും വനിത പിന്നീട് പങ്കുവച്ച ദൃശ്യത്തിൽ പറഞ്ഞു.
കൂലി നൽകേണ്ടതില്ലെന്ന് ഡ്രൈവർ ഉറപ്പിച്ചപ്പോൾ, സമീപത്തുണ്ടായിരുന്ന മറ്റൊരാളോട് അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി പറയാൻ വനിത ആവശ്യപ്പെട്ടു. എന്നാൽ അവിടെ അവസാനിച്ചില്ല സംഭവം. ഡ്രൈവറുടെ സ്നേഹപൂർവമായ പെരുമാറ്റത്തിന് തിരിച്ചായി എന്തെങ്കിലും നൽകണമെന്ന് തീരുമാനിച്ച വനിത അദ്ദേഹത്തിന് രണ്ടായിരം രൂപ സമ്മാനമായി നൽകുകയായിരുന്നു.
പണം കൈമാറിയപ്പോൾ ഡ്രൈവർ പലതവണ നന്ദി പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും വനിത ചോദിച്ചു. നാല് മക്കളുണ്ടെന്നും ഒരു മകനും മൂന്ന് പെൺമക്കളുമാണെന്നും ഡ്രൈവർ പറഞ്ഞതായി വീഡിയോയിൽ കാണാം. പണം അദ്ദേഹത്തിന് ഉപകാരപ്പെടുമോ എന്നും വനിത ചോദിച്ചപ്പോൾ നന്ദി അറിയിച്ചാണ് ഡ്രൈവർ പ്രതികരിച്ചത്.
ഒരു വർഷം മുമ്പ് നടന്ന സംഭവമാണെങ്കിലും ഡ്രൈവറുടെ മുഖത്തെ സന്തോഷം ഇപ്പോഴും മനസിൽനിന്ന് മായുന്നില്ലെന്നാണ് വനിത പറയുന്നത്. അദ്ദേഹത്തെ വീണ്ടും കണ്ടെത്താൻ ആഗ്രഹിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ തിരിച്ചറിയുന്നവർ വിവരമറിയിക്കണമെന്നും അവർ അഭ്യർഥിച്ചു. ഇരുവരുടെയും പരസ്പര കരുതലിന്റെ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.







Comments