
കൊച്ചി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചെന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി എ.എ. റഹിം എംപി. ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏജന്റാണെന്നാണ് ഇതുവരെ രാജ്യം വിളിച്ചിരുന്നതെങ്കിൽ, പുതിയ വെളിപ്പെടുത്തലോടെ അദ്ദേഹം ഏജന്റല്ല, ബിജെപിക്കാരൻ തന്നെയാണെന്ന് തെളിഞ്ഞുവെന്ന് റഹിം പറഞ്ഞു.
ബിജെപിക്കാരനായ ഗ്യാനേഷ് കുമാർ ഇപ്പോൾ ബിജെപിക്കായി ആളെ കൂട്ടുന്നയാളായി മാറിയെന്നും റഹിം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ നിയമനം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ട്. അതിനെ മറികടന്നാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ഏറ്റവും സൗകര്യപ്രദമായ വ്യക്തിയെ തിരഞ്ഞെടുത്തപ്പോൾ അത് ഗ്യാനേഷ് കുമാറായിരുന്നുവെന്നും റഹിം പറഞ്ഞു. ഗ്യാനേഷ് കുമാറിനെക്കുറിച്ച് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ അന്നുതന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും ഭരണഘടനാപരവുമായ സ്ഥാപനമാണ്. രാജ്യത്തെ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളാണ് അതിന്റെ പ്രധാന സ്റ്റേക്ക്ഹോൾഡർമാർ. ബിജെപിയും അവരുമായി ബന്ധപ്പെട്ടവരും ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ഗ്യാനേഷ് കുമാറിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തിൽ നേരത്തെ തന്നെ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ, ഈ അഭിപ്രായം നിർഭാഗ്യവശാൽ കോടതികൾ പോലും പരിഗണിച്ചില്ലെന്നും റഹിം പറഞ്ഞു.







Comments