
ഇക്കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി അഭിനേതാവായ രവീന്ദ്രനെ നിയമിച്ചത്. വൈസ് ചെയര്മാനായി പ്രിയങ്ക നായരെയും 15 അംഗ ജനറല് കൗണ്സിൽ അംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. എന്നാല് ഈ നിയമനത്തിന്റെ പേരില് ട്രോളുകളില് നിറയുന്നത് അഭിനേതാവും സംവിധായകനുമായ ജോയ് മാത്യുവാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ കയറിയ സമയത്ത് ചലച്ചിത്ര അക്കാദമി ചെയർമാനായി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറണെന്ന് മുന്പ് ജോയ് മാത്യു വ്യക്തമാക്കിയതാണ് ഈ പരിഹാസങ്ങള്ക്ക് പിന്നിലെ കാരണം. താരത്തെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ തുടർന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി പേർ ട്രോളുകളുമായി എത്തിയത്.
ഇപ്പോഴിതാ താൻ നേരിടുന്ന സൈബർ പരിഹാസങ്ങളിൽ പ്രതികരിക്കുകയാണ് ജോയ് മാത്യു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചതിന് പിന്നാലെയുള്ള ട്രോളുകള്ക്ക് എതിരെയാണ് താരത്തിന്റെ പ്രതികരണം. പത്ത് വർഷം മുൻപ് ‘ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ തനിക്ക് യാതൊരു വിഷമവുമില്ലെന്നാണ് ആ സിനിമയിലെ തന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് പരിഹാസരൂപേണ രവീന്ദ്രന് പ്രതികരിച്ചു.
‘‘ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എന്റെ അഭ്യുദയകാംക്ഷികൾ -പ്രത്യേകിച്ച് ബിപ്പ്ളവ പാർട്ടി അടിമകൾ - വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല...
10 വർഷം മുമ്പ് ‘ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല....
രവീന്ദ്രനും ടീമിനും ആശംസകൾ...’’ എന്നാണ് ജോയ് മാത്യു കുറിച്ചത്. ജഗദീഷ്, പ്രേംകുമാർ, ജോയ് മാത്യു എന്നിവരെ നേരത്തെ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഒരു അഭിമുഖത്തിൽ ജോയ് മാത്യു പറയുകയും ചെയ്തിരുന്നു.
ചെയർമാൻ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് വിഷമമില്ലെന്നും രവീന്ദ്രന് ആശംസ അറിയിക്കുകയും ചെയ്ത ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും നിരവധി ട്രോളുകള് വരുന്നുണ്ട്. ‘ഒന്ന് പൊട്ടികരയാൻ തോന്നുന്നുണ്ടോ?, സാരമില്ല ശീലമായിക്കോളും, ദുഃഖത്തിൽ പങ്കു ചേരുന്നു...’ എന്നതടക്കമാണ് കമന്റുകള്. ചലച്ചിത്ര അക്കാദമി ചെയർമാനായി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറണെന്ന് താരം പറയുന്ന കാർഡുകളും കമന്റുകളിൽ നിറയുന്നുണ്ട്.







Comments